മുംബൈ: എൻ.സി.പിയെ പിളർത്തി അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ ഒപ്പം കൂട്ടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന (ഷിൻഡെ) സഖ്യ സർക്കാറിൽ അതൃപ്തി പുകയുന്നതായി റിപ്പോർട്ട്. എൻ.സി.പിയെ പിളർത്തിയെത്തിയ വിമത നേതാവ് അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും എട്ട് എം.എൽ.എമാർക്ക് മന്ത്രി പദവിയും ബി.ജെ.പി നൽകിയിരുന്നു. എൻ.സി.പിയോട് ബി.ജെ.പി കാട്ടുന്ന പ്രീണന നിലപാടിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്.
എൻ.സി.പി വിമതർക്ക് ശക്തിതെളിയിക്കാൻ സാധിച്ചാൽ ബി.ജെ.പിക്ക് തങ്ങളെ വേണ്ടാതെയാകും എന്ന ഭീതി ഷിൻഡെ വിഭാഗക്കാർക്കുണ്ട്. ശിവസേനയെ പിളർത്തി ഷിൻഡെയോടൊപ്പം പോയ എം.എൽ.എമാർ അയോഗ്യത ഭീഷണിയുടെ നിഴലിലാണിപ്പോൾ. തങ്ങൾ അയോഗ്യരാക്കപ്പെടുകയാണെങ്കിൽ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയും ഷിൻഡെ പക്ഷത്തിനുണ്ട്. ഷിൻഡെ പക്ഷക്കാർക്ക് അയോഗ്യതയിലൂടെ നിയമസഭാംഗത്വം നഷ്ടമായാലും തങ്ങൾക്ക് മേൽക്കൈയുള്ള സർക്കാറിന് അധികാരം നിലനിർത്താനുള്ള നീക്കമാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന വിമതർ ഉദ്ധവ് താക്കറെയുടെ കക്ഷിയിലേക്ക് തന്നെ തിരിച്ചുപോകുമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി പറയുന്നു. താൻ മുംബൈയിലാണുള്ളതെന്നും, തങ്ങളെ ഉപയോഗിച്ച ശേഷം എൻ.സി.പിയെ പ്രീണിപ്പിക്കുന്ന ബി.ജെ.പിയുടെയും മോദിയുടെയും നയത്തിൽ ശിവസേന വിമതർക്ക് അതൃപ്തിയുണ്ടെന്നും സുബ്രമണ്യൻ സ്വാമി ട്വീറ്റിൽ പറഞ്ഞു.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ മഹാവികാസ് അഗാഡി മന്ത്രിസഭയിൽ അംഗമായിരുന്ന ഏക്നാഥ് ഷിൻഡെ 39 എം.എൽ.എമാർക്കൊപ്പം 2022 ജൂൺ 29നാണ് ശിവസേനയെ പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്നത്. വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന അന്നത്തെ ഗവർണറുടെ നിർദേശം സ്റ്റേചെയ്യാൻ സുപ്രീംകോടതി കൂട്ടാക്കാതിരുന്നതോടെ ഉദ്ധവിന് രാജിവെക്കേണ്ടിവന്നിരുന്നു. തുടർന്ന് ബി.ജെ.പിയുമായി വിലപേശിയാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. വിശ്വാസവോട്ടിന് നിർദേശം നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് 11 മാസങ്ങൾക്ക് ശേഷം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിമത ശിവസേനക്കാർ അയോഗ്യതാ ഭീതിയിൽ നിൽക്കെയാണ് സമാന നീക്കത്തിലൂടെ എൻ.സി.പിയെ പിളർത്തി ഒരു പക്ഷത്തെ ബി.ജെ.പി ഒപ്പം കൂട്ടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.