മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവ് സുധീർ മുങ്കൻതിവാറിന്‍റെ പ്രസ്താവനക്കെതിരെ ശിവസേന എം.പി സഞ്ജയ് റാവുത്ത്. രാഷ്ട്രപതി നിങ്ങളുടെ കീശയിലാണോയെന്ന് റാവുത്ത് ചോദിച്ചു.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന പ്രസ്താവന തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്ക് നേരെയുള്ള ഭീഷണിയാണ്. ജനവിധിയെ പരിഹസിക്കുന്ന നിലപാടാണിതെന്നും റാവുത്ത് പറഞ്ഞു.
നവംബർ ഏഴിനകം പുതിയ സർക്കാർ അധികാരമേറ്റില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതാവും ധനമന്ത്രിയുമായ സുധീർ മുങ്കൻതിവാർ പറഞ്ഞത്. നിലവിലെ സർക്കാറിന്‍റെ കാലാവധി നവംബർ എട്ടിന് അവസാനിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ സാധിച്ചിട്ടില്ല. ബി.ജെ.പി-ശിവസേന സഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന സേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.