20 വർഷത്തെ കാത്തിരിപ്പിനറുതി; ഒടുവിൽ സാൻ മാരിനോക്ക് സ്വപ്ന ജയം

അന്താരാഷ്ട്ര ഫുട്ബാളിൽ സാൻ മാരിനോ എന്ന കൊച്ചുരാജ്യം ഒരു ജയത്തിനായി കാത്തിരുന്നത് രണ്ട് പതിറ്റാണ്ടാണ്. ഒടുവിൽ ആ സ്വപ്ന ജയം അവരെ തേടിയെത്തിയിരിക്കുന്നു. നേഷൻസ് ലീഗിൽ ലിക്റ്റൺസ്റ്റൈനിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ചരിത്ര ജയത്തിലേക്ക് അടിച്ചുകയറിയത്.

2004ൽ നടന്ന സൗഹൃദ മത്സരത്തിന് ശേഷം ജയമറിയാതെയുള്ള ‘കിതപ്പിന്’ ശേഷം സാൻ മാരിനോയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. അന്നും തോൽപിക്കാൻ കിട്ടിയത് ലിക്റ്റൺസ്റ്റൈനിനെ തന്നെയായിരുന്നു. സ്കോറും തുല്യം. 19കാരൻ നിക്കൊ സെൻസോളിയാണ് 53ാം മിനിറ്റിൽ സാൻ മാരിനോക്കായി വലകുലുക്കിയത്. ലീഡ് നേടിയ ശേഷം ​എതിരാളികളെ ഗോളടിക്കാൻ വിടാതെ പ്രതിരോധിച്ചായിരുന്നു ജയത്തിലേക്കുള്ള അവരുടെ സ്വപ്നക്കുതിപ്പ്.

ഫിഫ റാങ്കിങ്ങിൽ 210ാം റാങ്കുമായി പട്ടികയിൽ ഏറ്റവും താഴെയാണ് സാൻ മാരിനോ. 199ാം റാങ്കിലുള്ള ലിക്റ്റൺസ്റ്റൈനിനെതിരെ ഇറങ്ങുമ്പോൾ ഓരോ താരവും കൊതിച്ചത് ഒരൊറ്റ ജയത്തിനായിരുന്നു. ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതുള്ള സാൻ മാരിനോ എന്ന യൂറോപ്യൻ രാജ്യം 140 മത്സരങ്ങൾ വിജയം കാണാതെ പൂർത്തിയാക്കിയ ശേഷമാണ് ജയത്തിലെത്തിയത്. ഇതുവരെ കളിച്ച 206 മത്സരങ്ങളിൽ 196ലും തോൽക്കാനായിരുന്നു വിധി. 2006ൽ ജർമനിയോട് 13-0ത്തിന് പരാജയപ്പെട്ടതാണ് ഏറ്റവും നാണംകെട്ട തോൽവി.

2021ലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടിനോട് 10-0ത്തിന് തോറ്റ സാൻ മാരിനോ പിന്നീട് പതിയെ പതിയെ ഉയർന്നുവരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ കരീബിയൻ രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നെവിസുമായുള്ള സൗഹൃദ മത്സരത്തിൽ ഗോൾരഹിത സമനില പിടിച്ചിരുന്നു. 61 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള രാജ്യത്തെ ആകെ ജനസംഖ്യ 33,000 ആണ്. 

Tags:    
News Summary - 20 years of waiting; Finally a dream win for San Marino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.