തിരുവനന്തപുരം: പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്ന ആലപ്പുഴ റിപ്പിൾസിന് ഗ്രീൻഫീൽഡിൽ വീണ്ടും അടിതെറ്റി. വെള്ളിയാഴ്ച നടന്ന ആദ്യമത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് എട്ടു വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് 16.3 ഓവറിൽ 95 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൊല്ലം സെയ്‌ലേഴ്‌സ് 38 പന്തും എട്ടു വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണയുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ട് തോൽവികൾ വഴങ്ങിയതോടെ പോയന്‍റ് പട്ടികയിൽ നാലു പോയന്‍റുമായി ആലപ്പി രണ്ടാം സ്ഥാനത്തായി. തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച കൊല്ലം സെയ്‌ലേഴ്സാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. വ്യാഴാഴ്ച കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് 64 റൺസിന്‍റെ കൂറ്റൻ തോൽവിയാണ് ആലപ്പുഴ വഴങ്ങിയത്.
ടോസ് നേടിയ കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബി ആലപ്പുഴയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ കൊല്ലത്തിന്‍റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ ആലപ്പിക്ക് മറുപടിയുണ്ടായില്ല. 3.3 ഓവറിൽ 25 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത എൻ.എം. ഷറഫുദ്ദീനും മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബിജു നാരായണനുമാണ് ആലപ്പുഴയുടെ ചുണ്ടനെ മുക്കിയത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (29), അക്ഷയ് ചന്ദ്രൻ (16), ആൽഫി ഫ്രാൻസിസ് (10) എന്നിവരൊഴികെ മറ്റൊരാൾക്കും രണ്ടക്കം കാണാനായില്ല.
ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽനിന്ന് നയിച്ചതോടെ കൊല്ലം സെയ്‌ലേഴ്സ് അനായാസം വിജയത്തിലെത്തി. 30 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു. വത്സൽ ഗോവിന്ദ് 21 പന്തിൽ ഒരു സിക്സ് സഹിതം 18 റൺസെടുത്തു. ഓപണർമാരായ അരുൺ പൗലോസ് 17 പന്തിൽ 22 റൺസെടുത്തും അഭിഷേക് നായർ 14 പന്തിൽ ഒമ്പതു റൺെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.