തിരുവനന്തപുരം: നാലാമത് ദേശീയ ഓപൺ 400 മീറ്റർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മാനംകാത്ത് വി. മുഹമ്മദ് അജ്മൽ. തിങ്കളാഴ്ച കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ ട്രാക്കിൽ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ 400 മീറ്ററിലാണ് പാലക്കാട് നാരായമംഗലം വാരിയത്ത് തൊടിയിൽ വീട്ടിൽ കുഞ്ഞാലിയുടെയും ആസിയയുടെയും മകനായ അജ്മൽ കേരളത്തിനായി സ്വർണം നേടിയത്.
ഞായറാഴ്ച നടന്ന ഹീറ്റ്സിൽ 48.37 സെക്കൻഡുമായി മൂന്നാം സ്ഥാനത്തായിരുന്ന അജ്മൽ, ഫൈനലിൽ 46.90 സെക്കൻഡിലായിരുന്നു ഫിനിഷിങ് ലൈൻ തൊട്ടത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ 400മീറ്ററിൽ താരം റെക്കോഡോടെ സ്വർണം നേടിയിരുന്നു. മഹാരാഷ്ട്രയുടെ രാഹുൽ രമേശ് (47.51 സെക്കൻഡ്), തമിഴ്നാടിന്റെ ടി. സന്തോഷ് കുമാർ (47.52) എന്നിവർ വെള്ളിയും വെങ്കലും സ്വന്തമാക്കി.
കേരളത്തിനായി പെൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിലിറങ്ങിയ പിക്സി ഗൂലിയ, അണ്ടർ 20 വിഭാഗത്തിൽ സാനിയ തെരേസ ടോമി, വനിത വിഭാഗത്തിൽ ഗൗരി നന്ദന, എ.എസ്. സാന്ദ്ര, ആൺകുട്ടികളുടെ അണ്ടർ 16ൽ ജാൻഷോ ഷോണി, അണ്ടർ 20ൽ എസ്. അക്ഷയ് എന്നിവർ നിരാശപ്പെടുത്തി.16 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ 400 മീറ്ററിൽ പശ്ചിമ ബംഗാളിന്റെ റിസ്വാന മാലിക് മീറ്റ് റെക്കോഡോടെ സ്വർണം നേടി. 2012ൽ അഞ്ജന താംകേയുടെ 54.57 സെക്കൻഡാണ് 53.22 ആയി റിസ്വാന തിരുത്തിയത്. മഹാരാഷ്ട്രയുടെ മൻസി വെള്ളിയും തമിഴ്നാടിന്റെ എം. നേത്ര വെങ്കലവും നേടി.
18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ 400 മീറ്ററിൽ മഹാരാഷ്ട്രയുടെ ഖുഷി സാദന ഉമേഷ് സ്വർണവും മഹാരാഷ്ട്രയുടെതന്നെ ശീരവാണി വെള്ളിയും തമിഴ്നാടിന്റെ പവിത്ര വെങ്കലവും സ്വന്തമാക്കി. വനിതവിഭാഗത്തിൽ കർണാടകയുടെ ദേശീയ താരം പ്രിയ മോഹൻ സ്വർണം നേടിയപ്പോൾ പഞ്ചാബിന്റെ കുൽദീപ് കൗറിന് വെള്ളിയും തമിഴ്നാടിന്റെ പി.ആർ. നീഹാരികക്ക് വെങ്കലവുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 400 മീറ്ററിൽ ആദ്യ മൂന്നുസ്ഥാനവും തമിഴ്നാട് സ്വന്തമാക്കി. എസ്. ഭരത്, എ.എ. സൂരജ്, ആർ. അഭിഷേക് എന്നിവരാണ് അവർ. 20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും ഉത്തർപ്രദേശ് നേടി.
ആയുഷ് ബലിയൻ സ്വർണവും ഹിമാഷു ശർമ, മോഹൻകുമാർ എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി. 16 വയസ്സിന് താഴയുള്ളവരുടെ മത്സരത്തിൽ കർണാടകയുടെ എം. നിതിൻ ഒന്നാമതെത്തിയപ്പോൾ ഡൽഹിയുടെ ആര്യൻ ത്യാഗി, ഹരിയാനയുടെ സൗരവ് ദഹിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.