മെഡലെവിടെ താരങ്ങളെ

ഒളിമ്പിക്സ് ദിവസങ്ങള്‍ ഓരോന്ന് പിന്നിടുമ്പോള്‍ പരസ്പരം കാണുന്ന ഇന്ത്യക്കാര്‍ ആദ്യം ചോദിക്കുന്നത് മെഡലിന്‍െറ സാധ്യതയെക്കുറിച്ചാണ്്. ദീപം തെളിഞ്ഞ് അഞ്ചുദിവസം കഴിഞ്ഞിട്ടും മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ പേരില്ല. തിങ്കളാഴ്ച അഭിനവ് ബിന്ദ്ര മെഡലടിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചു.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ കഴിഞ്ഞതവണത്തെ വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നാരംഗ് രാവിലെ യോഗ്യതാ റൗണ്ടില്‍ പുറത്തായതോടെ ബിന്ദ്രജാലത്തിനായി കാത്തിരിപ്പ്. അവസാന വെടിക്ക് തൊട്ടുമുമ്പ് വരെ ഈ പഞ്ചാബി പ്രതീക്ഷ പകരുകയും ചെയ്തു. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്സില്‍ സ്വര്‍ണമണിഞ്ഞ് രാജ്യത്തിന്‍െറ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ബിന്ദ്ര കുറെകാലമായി തന്‍െറ അവസാനത്തെ ഒളിമ്പിക്സ് അവിസ്മരണീയമാക്കാന്‍ ജര്‍മന്‍ കോച്ചിന് കീഴില്‍ കഠിനപരിശീലനത്തിലുമായിരുന്നു.

ബിന്ദ്ര മെഡലില്ലാതെ മടങ്ങിയതോടെ ഇനിയാര് എന്ന് ചോദിക്കുകയാണ് റിയോയിലെ ഇന്ത്യന്‍ ക്യാമ്പ്. പ്രതീക്ഷ വീണ്ടും ചെന്നുനില്‍ക്കുന്നത് ഷൂട്ടിങ് റേഞ്ചില്‍തന്നെ. ഗഗന്‍ നാരംഗിന് ഇനി 12നും 13നുമായി 50 മീ. റൈഫിള്‍ പ്രോണ്‍, 50 മീ. ത്രീ പൊസിഷന്‍സ് ഇനങ്ങളില്‍ മത്സരമുണ്ട്. 10 മീ. എയര്‍ പിസ്റ്റളില്‍ നിരാശപ്പെടുത്തിയ ജിതു റായി ഇഷ്ട ഇനമായ 50 മീറ്റര്‍ പിസ്റ്റളില്‍ ബുധനാഴ്ച കാഞ്ചിവലിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ഷൂട്ടിങ്ങില്‍ ഇന്ത്യ മെഡല്‍ നേടിയിരുന്നു. 2004ല്‍ ആതന്‍സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് വെള്ളി, 2008ല്‍ ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം, 2012ല്‍ ലണ്ടനില്‍ വിജയ് കുമാറിന് വെള്ളി, ഗഗന്‍ നാരംഗിന് വെങ്കലം. ഇത്തവണ മൂന്നു വനിതകള്‍ ഉള്‍പ്പെടെ 12 ഷൂട്ടര്‍മാര്‍  യോഗ്യത നേടുകയും ചെയ്തു. അതില്‍ അഞ്ചുപേര്‍ ഇതിനകം പുറത്തായിക്കഴിഞ്ഞു. ടേബ്ള്‍ ടെന്നിസിലെ നാലുപേരും നീന്തലിലെ രണ്ടുപേരും  പുറത്താണ്.
പ്രതീക്ഷാ ചാര്‍ട്ട് പരിശോധിച്ചാല്‍ കാണുന്നത് ബാഡ്മിന്‍റണില്‍ സൈനാ നെഹ്വാളിന്‍േറത്. സൈന ഉള്‍പ്പെടെ ഏഴുപേര്‍ മാറ്റുരക്കുന്ന ബാഡ്മിന്‍റണ്‍ 11നാണ് തുടങ്ങുക. ഇതാദ്യമായി വനിതാ ജിംനാസ്റ്റിക്സില്‍ രാജ്യം മത്സരിച്ചപ്പോള്‍ ത്രിപുരക്കാരി ദിപാ കര്‍മാകര്‍ ഫൈനലിലത്തെിയത് അപ്രതീക്ഷതിമായി. 14നാണ് ഫൈനല്‍.

അത്ലറ്റിക്സ് 12നാണ് ആരംഭിക്കുന്നത്. ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ സ്പൈക് അണിയുന്ന ഒളിമ്പിക്സാണ് റിയോയിലേത്. പക്ഷേ, മെഡലുറപ്പിക്കാനാവുന്നവര്‍ ആരുമില്ല. റിലേ ഉള്‍പ്പെടെ ചില ഇനങ്ങളില്‍ ഫൈനലിലത്തെിയേക്കാമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ  മുതിര്‍ന്ന അംഗംതന്നെ പറഞ്ഞത്. മെഡല്‍ നേടുകയല്ല പ്രധാനമെന്നും ഫൈനലിലത്തെി ലോകത്തെ ആദ്യ എട്ടോ പത്തിലോ വരുന്നത് തന്നെ വലിയ കാര്യമാണെന്നുമായിരുന്നു വാദം. തിങ്കളാഴ്ച വൈകീട്ട് ഗെയിംസ് വില്ളേജില്‍വെച്ച് കണ്ടപ്പോള്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞതും അതുതന്നെ. സര്‍ക്കാര്‍ ആകുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നിട്ടും വിജയിക്കാനാകാത്തത് വിധിയാണെന്ന് കരുതാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
അപ്പോള്‍ മെഡല്‍  എവിടെനിന്നുവരും. ടെന്നിസ് മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം നാളെ ഇറങ്ങുന്നുണ്ട്. എഴുതിത്തള്ളാനാവില്ളെന്ന് കരുതാം ഇരുവരെയും. ബോക്സിങ്ങില്‍ 56 കിലോ വിഭാഗത്തില്‍ അസംകാരന്‍ ശിവ് ഥാപ്പ ബുധനാഴ്ച ഇറങ്ങുമ്പോള്‍ വെങ്കല മെഡലെങ്കിലും പ്രതീക്ഷിക്കുന്നത് അമിതമല്ല.  

ലോക റാങ്കിങ്ങില്‍ ബാന്‍റംവെയ്റ്റ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് ശിവ് ഥാപ്പ. 2010ലെ യൂത്ത് ഒളിമ്പിക് ഗെയിംസില്‍ വെള്ളിയും 2015ലെ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുമുണ്ട്. പിന്നെയുള്ളത് ഗുസ്തിയാണ്. 65 കി.ഗ്രാം വിഭാഗത്തില്‍ ഹരിയാനക്കാരന്‍ യോഗേശ്വര്‍ ദത്ത് നാലാം ഒളിമ്പിക്സില്‍ മെഡല്‍ നേടിയേക്കാം. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലവും  2010, 2014 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും  2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും ഈ 33കാരന്‍ നേടിയിട്ടുണ്ട്. പിന്നെ മരുന്നടി വിവാദത്തില്‍പെട്ട നര്‍സിങ്  പഞ്ചം യാദവുമുണ്ട്. 74 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന നര്‍സിങ്ങിന്‍െറ പേരില്‍  കോമണ്‍വെല്‍ത്ത് സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലവുമുണ്ട്.

ഇന്ത്യക്കാര്‍ മത്സരിക്കാനിരിക്കുന്ന മറ്റിനങ്ങള്‍ ഭാരോദ്വഹനവും ഗോള്‍ഫും ജൂഡോയുമാണ്. പക്ഷേ, അമിത പ്രതീക്ഷ വേണ്ട. ഹോക്കി പുരുഷ-വനിതാ ടീമുകള്‍ മോശമല്ലാതെ തുടങ്ങിയിട്ടുണ്ട്. കാത്തിരിക്കുക.

മെഡല്‍ ചര്‍ച്ചകള്‍ നിരാശയോടെ അവസാനിപ്പിക്കാതിരിക്കാന്‍ എല്ലാവരും അദ്ഭുതങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. അപ്രതീക്ഷിത താരങ്ങളില്‍നിന്ന് ചിലതെല്ലാം പൊട്ടിവീണേക്കാമെന്ന്. മെഡലുകളുടെ എണ്ണം നോക്കിയാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്സ് കഴിഞ്ഞതവണ ലണ്ടനിലായിരുന്നു. രണ്ടു വെള്ളിയും നാലു വെങ്കലവുമായിരുന്നു അന്ന് സമ്പാദ്യം. ആ റെക്കോഡ് ഏതായാലും അങ്ങനെതന്നെ തുടരാനാണ് സാധ്യത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.