സിദാന്‍ ഫൈവ് സ്റ്റാര്‍

മഡ്രിഡ്: കളിച്ചുവളര്‍ന്ന മണ്ണില്‍ പരിശീലകന്‍െറ വേഷത്തിലത്തെിയ സിനദിന്‍ സിദാന് പഞ്ചനക്ഷത്രത്തിളക്കത്തോടെ തുടക്കം. ഗാരെത് ബെയ്ല്‍ ഹാട്രിക്കും കരിം ബെന്‍സേമ ഇരട്ടഗോളും നേടിയ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളിന് ഡിപോര്‍ടീവോ ലാ കൊരൂനയെ തോല്‍പിച്ച് മുന്‍ താരത്തെ റയല്‍ സ്വാഗതംചെയ്തു. നിറപിന്തുണയുമായി സാന്‍റിയാഗോ ബെര്‍ണബ്യൂ നിറച്ച ആരാധകര്‍ക്ക് സിദാന്‍െറ സമ്മാനവും. ജയത്തോടെ, പോയന്‍റ് ടേബ്ളില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയുമായുള്ള വ്യത്യാസം രണ്ട് പോയന്‍റായി കുറച്ചു. 18 കളിയില്‍ ബാഴ്സക്ക് 42ഉം രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിന് 41 പോയന്‍റും. 19 കളിയില്‍ 40 പോയന്‍റുമായി റയല്‍ മൂന്നാമതുമാണ്.

‘റഫാ ബെനിറ്റസ് ക്ഷമിക്കണം. നിങ്ങളുടെ സംഭാവനകള്‍ക്ക് നന്ദി. പക്ഷേ, ഈ മാറ്റം അനിവാര്യമായിരുന്നു. ഗുണകരമായ മാറ്റങ്ങള്‍ക്ക് ചിലര്‍ വിലനല്‍കേണ്ടിവരും. അത്തരമൊരു പുറത്താകലാണ് ബെനിറ്റസ് നിങ്ങളുടേത്. കഴിഞ്ഞ മത്സരങ്ങളുമായി ഈ ജയം താരതമ്യംചെയ്യുമ്പോള്‍ ടീമിന്‍െറ മനോഭാവത്തിലെ മാറ്റം വ്യക്തമാണ്. ഇത് അങ്ങോളം തുടരുമെന്നാണ് പ്രതീക്ഷ. തുടക്കം മുതല്‍ ഒടുക്കം വരെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഞങ്ങളൊരു ടീമായിരുന്നു’ -സിദാനു കീഴില്‍ റയലിന്‍െറ ആദ്യ ജയത്തിനു പിന്നാലെ മാധ്യമങ്ങളോട് മനസ്സുതുറന്ന ടീമംഗം ലൂക മോദ്റിച്ചിന്‍െറ വാക്കുകളില്‍ എല്ലാമുണ്ട്.

4-5-1 ഫോര്‍മേഷനിലായിരുന്നു സിദാന്‍ ടീമിനെ ഇറക്കിയത്. നാട്ടുകാരന്‍ കരിം ബെന്‍സേമയില്‍ ആക്രമണദൗത്യമേല്‍പിച്ച് പിന്‍നിരയല്‍ ക്രിസ്റ്റ്യാനോ-ഇസ്കോ-ബെയ്ല്‍ കൂട്ട്. മധ്യനിരയല്‍ മോദ്റിച്ചും ടോണി ക്രൂസും. ബെനിറ്റസിനെ പുറത്താക്കാനുള്ള നീക്കത്തില്‍ നീരസം പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന ഗാരെത് ബെയ്ല്‍ തന്നെയായിരുന്നു റയലിന്‍െറ ആക്രമണങ്ങളിലെ ആസൂത്രകന്‍. 15ാം മിനിറ്റില്‍ ബെന്‍സേമ നല്‍കിയ തുടക്കത്തില്‍നിന്ന് ബെയ്ല്‍ കത്തിക്കയറി. 22ാം മിനിറ്റില്‍ ഹെഡറിലൂടെ ലീഡുയര്‍ത്തിയ ബെയ്ല്‍, രണ്ടാം പകുതിയിലെ 49ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി. ഇക്കുറി ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. 63ാം മിനിറ്റില്‍ ഹാട്രിക് തികച്ച് വീണ്ടും ബെയ്ലിന്‍െറ ഹെഡര്‍ ഡിപോര്‍ടീവോയുടെ വലയിളക്കി.               

സീസണില്‍ ബെയ്ലിന്‍െറ രണ്ടാം ഹാട്രിക് നേട്ടം കൂടിയായി ഇത്. ഒരു ബ്രിട്ടീഷ് താരത്തിന്‍െറ ആദ്യ നേട്ടം. ടീമിന്‍െറ ഒത്തൊരുമയുടെ വിജയമെന്നായിരുന്നു സിദാന്‍െറ വിലയിരുത്തല്‍. ‘കളി ജയിക്കുമ്പോള്‍ മാനേജര്‍ക്ക് സന്തോഷമാകും. ഇത് എനിക്കും സന്തോഷം നല്‍കുന്നു’ -സിദാന്‍ പറഞ്ഞു. കളിക്കാരനായി പേരെടുത്ത സിദാന്‍ കോച്ചായും പേരെടുക്കുമെന്നായിരുന്നു ബെയ്ലിന്‍െറ വിലയിരുത്തല്‍.കളിക്കാരനായി പേരെടുത്ത സിദാന്‍ കോച്ചായും പേരെടുക്കുമെന്നായിരുന്നു ബെയ്ലിന്‍െറ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.