ദുംഗ; അനിവാര്യമായ പതനം

വൈകിയത്തെുന്ന നീതി, നീതി നിഷേധത്തിന് തുല്യമെന്നാണ് നിയമലോകത്തെ പ്രശസ്തമായ വാക്യം. ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ സമീപകാല പശ്ചാത്തലത്തില്‍ ഏറെ കാമ്പുള്ള വാചകം. പരിശീലക സ്ഥാനത്തു നിന്നും മുന്‍ ലോകചാമ്പ്യന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് ദുംഗയെ പിടിച്ച് പുറത്താക്കുമ്പോള്‍ വൈകിയെങ്കിലും ഫുട്ബാളിനോട് നീതികാണിച്ചുവെന്ന് ആശ്വസിക്കുകയാണ് ആരാധക ലോകം. ഒരു തവണ തെറ്റെന്ന് ലോകം വിളിച്ചുപറഞ്ഞപ്പോഴും ആ തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍. ഗരിഞ്ചയും വാവയും ദിദിയും പെലെയും റൊണാള്‍ഡീന്യോയും വരെ മൈതാനമധ്യത്തില്‍ വരച്ചുകാണിച്ച സാംബാ നൃത്തം കാനറിയുടെ മണല്‍ത്തരികളില്‍ നിന്നും അപ്രത്യക്ഷമാവുന്നുവെന്ന് വിലപിച്ചവരെല്ലാം വിരല്‍ചൂണ്ടിയത് അടുത്തിടെ വന്ന പരിശീലകരിലേക്കായിരുന്നു. ദുംഗ അവരിലെ അവസാന കണ്ണിയായിമാറി. കോപ അമേരിക്കയില്‍ ബ്രസീല്‍ ഗ്രൂപ് റൗണ്ടില്‍ പുറത്തായി നാട്ടില്‍ മടങ്ങിയത്തെിയതിനു പിന്നാലെ ദുംഗയെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കിയ വാര്‍ത്ത വന്നപ്പോള്‍ ലോകമാധ്യമങ്ങളിലെയെല്ലാം വിശകലനത്തിന് ഒരു ധ്വനി മാത്രമായിരുന്നു -‘വൈകിയത്തെിയ, അനിവാര്യമായ തീരുമാനം’.

ദുംഗയും സ്കൊളാരിയും ബ്രസീലും
ലൂയി ഫിലിപ് സ്കൊളാരിയും ദുഗയും. കഴിഞ്ഞ 16 വര്‍ഷത്തിനിടെ 11 വര്‍ഷവും ബ്രസീല്‍ എങ്ങനെ ഫുട്ബാള്‍ കളിക്കണമെന്ന് തീരുമാനിച്ചത് ഇവരായിരുന്നു. 2001ലാണ് സ്കൊളാരി ആദ്യമായി മഞ്ഞക്കുപ്പായക്കാരുടെ പരിശീലകനാവുന്നത്. കിരീടനേട്ടത്തിനു പിന്നാലെ അന്തസ്സോടെ പടിയിറങ്ങി. 2002ല്‍ സ്ഥാനമേറ്റ  കാര്‍ലോസ് ആബെര്‍ടോ പെരേര 1994ല്‍ ചാമ്പ്യന്‍കോച്ചെന്ന പകിട്ടുമായാണ് മൂന്നാം വരവ് നടത്തിയത്. പക്ഷേ, 2006 ലോകകപ്പിലെ ദയനീയ പുറത്താവലോടെ പെരേരയെ പുറത്താക്കി.

പകരക്കാരനെ തേടുന്നതിനിടെയാണ് മുന്‍ ക്യാപ്റ്റന്‍കൂടിയായ ദുംഗയുടെ പേര് ദേശീയ ഫെഡറേഷന്‍ അംഗങ്ങളുടെ കണ്ണില്‍പെടുന്നത്്. പരിശീലക പരിചയമില്ളെങ്കിലും ബ്രസീലിനെ ഉടച്ചുവാര്‍ത്ത് പടുത്തുയര്‍ത്താന്‍ മുന്‍ നായകനുകഴിയുമെന്ന് വിശ്വസിച്ചു. പക്ഷേ, കാത്തിരുന്നത് അതിനെക്കാള്‍ ദയനീയമായ ദുരന്തമായിരുന്നു. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തന്നെ മഞ്ഞപ്പട മടങ്ങി. ഇടക്കാലത്ത് മാനോ മെനസസിനെ രണ്ടുവര്‍ഷം പരീക്ഷിച്ചെങ്കിലും 2012ല്‍ ഫിലിപ് സ്കൊളാരിയെ തിരിച്ചത്തെിച്ച് പരീക്ഷണമാരംഭിച്ചു. 2014 ലോകകപ്പില്‍ സ്വന്തംമണ്ണില്‍ ജര്‍മനിയോട് 7-1ന് പൊട്ടിത്തരിപ്പണമായതോടെ ബ്രസീല്‍ വീണ്ടും കോച്ചിനെ തേടി. പുതിയൊരു കളിയാശാനെ കണ്ടത്തെുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെ കറങ്ങിത്തിരിഞ്ഞ് വീണ്ടുമത്തെിയത് ഒരുതവണ പരീക്ഷിച്ച് തള്ളിയ ദുംഗയിലേക്ക് തന്നെ.  രണ്ട് കോപ ചാമ്പ്യന്‍ഷിപ്പുകളും ഒളിമ്പിക്സുമായിരുന്നു രണ്ടാംവരവിലെ ദുംഗക്കുമുന്നിലെ കടമ്പകള്‍. നെയ്മറിന്‍െറ പരിക്കുകാലത്തിനിടെ ശരാശരിക്കാരെയും സ്വന്തക്കാരെയും അണിനിരത്തി തുടങ്ങിയ ദുംഗ ആദ്യ പടിയിറക്കത്തില്‍ നിന്ന് ഒന്നും പഠിച്ചില്ളെന്ന് പിന്നീടുള്ള കാലം ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തി.

യൂറോപ്യന്‍ ഫുട്ബാളിലെ മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ തിയാഗോ സില്‍വക്ക് ഒരുവര്‍ഷമായി ടീമിലിടമേ ഇല്ല. മധ്യനിരയിലെ മിടുക്കനായ മാഴ്സലോക്കും ഓസ്കറിനുമെല്ലാം ഇതുതന്നെ ഗതി. യൂറോകപ്പില്‍ ഫ്രാന്‍സും ജര്‍മനിയും സ്പെയിനും ഇറ്റലിയുമെല്ലാം 13-14 ലോകകപ്പ് താരങ്ങളെ വരെ അണിനിരത്തി കളിച്ചപ്പോള്‍ ലോകകപ്പ് പരിചയമുള്ള മൂന്നുപേര്‍ മാത്രമായിരുന്നു കോപയില്‍ ബ്രസീല്‍ ടീമിനായുണ്ടായിരുന്നത്. ഫോര്‍മേഷനിലുമുണ്ടായിരുന്നു പരിഹരിക്കാത്ത പിഴവുകള്‍. 4-1-4-1 സ്വീകരിച്ച ദുംഗ മാറിയൊരു പരീക്ഷണത്തിനു മുതിര്‍ന്നില്ല. മധ്യനിരയില്‍ നിരന്തരം പരാജയമായിട്ടും സ്വന്തക്കാരായ എലിയാസിനെയും റെനറ്റോ അഗസ്റ്റോയെയും മാറ്റിപ്രയോഗിക്കാനും മുതിര്‍ന്നില്ല. ഒടുവില്‍ കോപയില്‍ നിന്നും ബ്രസീല്‍ പുറത്തായി ഒളിമ്പിക്സിനു മുമ്പേ ദുംഗ പടിയിറങ്ങുമ്പോള്‍ ഫുട്ബാള്‍ ആരാധകരുടെ കണ്ണും കാതും ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷനിലേക്കാണ്. ആരാവും സാംബാ താളവും കാനറികളുടെ നൃത്തവും വീണ്ടെടുക്കാന്‍ സെലസാവോകളുടെ ആശാനായി എത്തുക. പകരക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത് കൊറിന്ത്യന്‍സിന്‍െറ അഡെനോര്‍ ബാച്ചിയെന്ന ടൈറ്റാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.