കൊറിയക്കാർക്കെതിരെ ഒരേയൊരു ഗോൾ വിജയം മതിയായിരുന്നു നിലവിലെ ജേതാക്കളായ ജർമനിക്ക്, മെക്സികോയെ പുറത്താക്കി പ്രീക്വാർട്ടറിൽ എത്താൻ. അത് അവർക്കു അസാധ്യവും ആയിരുന്നില്ല. കാരണം, കഴിഞ്ഞ രണ്ടു ലോകകപ്പിലെയും മുൻ നിയ ഗോൾവേട്ടക്കാരനും ബുണ്ടസ് ലിഗയിലെ ഏറ്റവും മികച്ച ജർമൻ ഗോൾ ഗെറ്ററും അവരുടെ അണികളിൽ ഉണ്ടായിരുന്നു. എന്നിട്ടും 90 മിനിറ്റും ഏഴുമിനിറ്റ് അധികസമയവും കിട്ടിയിട്ടും അവർക്കു ഏഷ്യൻ ടീമിെൻറ വലയിൽ ഒരുതവണപോലും പന്ത് കടത്താനായില്ല.
അഞ്ചു മാറ്റങ്ങളുമായിട്ടായിരുന്നു ലോയ്വ് തെൻറ ചാമ്പ്യൻ പടയെ രംഗത്തിറക്കിയത്. കഴിഞ്ഞ ലോകകപ്പു അവർക്കു നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സമി ഖെദീരയെയും മെസ്യൂത് ഒാസിലിനെയും ടോണി ക്രൂസിനെയും മധ്യനിരയുടെ ചുമതല ഏൽപിച്ചിട്ടും മത്സരാവസാനം വരെ സഫലമായ ഒരു മുന്നേറ്റവും ആവിഷ്കരിക്കാൻ കഴിഞ്ഞില്ല. തന്ത്രമില്ലായ്മയാണ് തങ്ങളുടെ തന്ത്രം എന്ന് വെളിവാകുംവിധം മധ്യ- ആക്രമണ നിരകൾ തമ്മിൽ ഒരു ഏകോപനവും കാണാനായതുമില്ല.
പരിക്ക് ഭേദമായി മടങ്ങിയെത്തിയ മാറ്റ് ഹമ്മൽസിെൻറ ചില ഒറ്റയാൻ ഇടപെടലുകൾ പിൻനിരയിൽ ഉണ്ടായപ്പോൾ കൊറിയക്കാരുടെ ഗോൾ എന്നുറപ്പിച്ച പല മുന്നേറ്റങ്ങളും നിഷ്പ്രഭമായിപ്പോയി. ഇതായിരുന്നു ജർമൻ നിരയിൽ ആകെ കണ്ട മികവ്. ജർമനിയിലെ ഹാംബുർഗ് അക്കാദമിയിൽ നിന്ന് കളിപഠിച്ച ഹെയൂങ് മിൻ സോൺ ആയിരുന്നു കൊറിയയുടെ നായകൻ. ജർമൻകാരുടെ സകലതന്ത്രങ്ങളും അറിയാവുന്ന പ്രീമിയർ ലീഗിലെ ഇൗ കളിക്കാരനാണ് ജർമനിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്.
‘സ്റ്റാൻഡേർഡ് സിേറ്റ്വഷൻ’ ആയ ഫ്രീകിക്കുകൾ, കോർണർ, പെനാൽറ്റികൾ എന്നിവയൊക്കെ ജർമൻകാർ ഇഷ്ടമുള്ള സമയത്ത് സംഘടിപ്പിച്ചെടുക്കുകയും അത് സമയാനുസരണം വിജയകരമായി വിനിയോഗിക്കുകയും ചെയ്യും. അതിനായി എതിർ പ്രതിരോധനിരയെ പ്രകോപിച്ചവർ ഫൗളുകളും വരുത്തുമായിരുന്നു. ഇതറിയാവുന്ന സോൺ തെൻറ കൂട്ടുകാരെ അത്തരം അവസരങ്ങൾ ഉണ്ടാക്കുന്നതിൽനിന്ന് പരമാവധി മാറ്റിനിർത്തുകയും ചെയ്തു. കൊറിയക്കാർ ഏറ്റവും കുറച്ചു ഫൗള് കളിച്ചതും ഇൗ കളിയിലായിരുന്നു. അപൂർവമായി ലഭിച്ച കോർണറുകൾ കൊറിയൻ ഗോളിയുടെ കൈയിൽ ഒതുങ്ങുകയും ചെയ്തു.
വിജയം അത് മാത്രമേ തങ്ങൾക്കു തുണയാകൂ എന്നറിഞ്ഞിട്ടും ഒന്നാം പകുതിയിൽ ജർമനിയുടെ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങൾ ഒന്നുമുണ്ടായില്ല. ലിയോൺ ഗോരസ്ക്കായും വെർനറും മാർക്കോ റോയിസും കൂടി ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയതൊഴിച്ചാൽ പുകൾപെറ്റ ജർമൻ കടന്നാക്രമണങ്ങളെ കാണാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സോൺ കൊണ്ടെത്തിച്ച പന്ത് പെനാൽറ്റി ബോക്സിലേക്ക്കയറി മൂൺ തൊടുത്തുവിട്ടത് നായകൻ നോയറുടെ കൈകളിൽനിന്ന് തെറിച്ചു വല കയറാതിരുന്നത് ജർമൻകാർക്ക് രക്ഷയായായി. അപകടം മനസ്സിലാക്കിയ ലോയ്വ് മ്യൂളർക്കും ബ്രാൻഡിനും ഗോമസിനും അവസരം നൽകിയെങ്കിലും അപ്പോഴേക്കും അതിശക്തമായ കോട്ടകെട്ടി കൊറിയക്കാർ മുന്നേറ്റങ്ങൾ തടഞ്ഞിടുകയും ചെയ്തു.
മത്സരം ഗോൾ രഹിത സമനില എന്ന് കരുതപ്പെട്ട നിമിഷമാണ് ഇഞ്ചുറി സമയത്തിൽ സോൺ കോർണർ നേടിയത്. കിം യോങ് ഗോൺ, ഗോൾ നേടിയെങ്കിലും ലൈൻ റഫറി അത് അംഗീകരിക്കാതെ ഓഫ് സൈഡ് വിളിച്ചു. റഫറി മാർക്ക് ഗായകർ ‘വാർ’ സഹായം തേടിയപ്പോൾ അത് ഗോളായി. മാനുവൽ നോയറുടെ മറ്റൊരു അബദ്ധം ജർമൻ ശവപ്പെട്ടിയിലെ അവസാന ആണിയായി. 2002 ൽ സ്വന്തം നാട്ടിൽ തങ്ങളെ ഫൈനൽ കാണാതെ മടക്കിയയച്ച ജർമൻകാരെ കണക്കിന് പരിഹസിച്ചുകൊണ്ട് കൊറിയ വിജയം ആഘോഷിക്കുകയും ചെയ്തു.
ഒന്നുമുതൽ ജർമനിക്ക് പിഴച്ചു
റഷ്യയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴേ ജർമനി ദുരന്തം മുന്നിൽകണ്ടുവെന്ന് പറയാം. കോൺഫെഡറേഷൻ കപ്പിൽ ജർമനിയെ വിജയിപ്പിച്ച ഗോളുകൾ നേടിയ സാന്ദ്രോ വാഗ്നറെ ലോയ്വ് പറഞ്ഞയച്ചു. മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി നിർണായക ഗോളുകൾ നേടി പ്രീമിയർ ലീഗിലെ മികച്ച പ്രതിഭയായ ലെറോയ് സാനയെയും കോച്ച് കണ്ടില്ല. ഇതിനൊപ്പമായിരുന്നു തുർക്കി പ്രസിഡൻറ് ഉർദുഗാനെ സന്ദർശിച്ചതിെൻറ പേരിൽ ടീമംഗങ്ങളായ ഒാസിലിനും ഗുൻഡോഗാനുമെതിരായ വേട്ട. ഇരുതാരങ്ങളെയും മാനസികമായി തകർക്കും വിധം വിവാദവുമായി.
അവരെ പുറത്താക്കണമെന്ന് ടീമിലെ പ്രമുഖരിൽ ചിലർക്ക് ആഗ്രഹവും ഉണ്ടായിരുന്നു. യോഗ്യത റൗണ്ടിൽ എല്ലാ കളിയും ജയിച്ച് 42 ഗോളടിച്ച് റെക്കോഡ് കുറിച്ചവരാണ് റഷ്യയിൽ അനിവാര്യമായ ഒരു ഗോൾ അടിക്കാനാവാതെ നാണിച്ചു പുറത്തായിരിക്കുന്നത്. എന്തായാലും യൂറോപ്പിൽനിന്നുള്ള ചാമ്പ്യന്മാർക്ക് രണ്ടാം റൗണ്ട് അപ്രാപ്യം എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. ചരിത്രത്തിെൻറ തനിയാവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.