തിരുവനന്തപുരം: കായികതാരങ്ങൾക്ക് സർക്കാർ സർവിസിൽ നിയമനം നൽകുന്ന കാര്യത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാൻ മന്ത്രിസഭ തീരുമാനം. മന്ത്രിസഭായോഗം വിഷയം പരിഗണിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, തീരുമാനമെടുക്കാതെ മാറ്റി. അതേസമയം, 41 കായിക താരങ്ങൾക്ക് ജോലി ജോലി നൽകുമെന്ന ഉറപ്പ് മുൻനിർത്തി സെക്രട്ടേറിയറ്റിന് മുന്നിൽ കായികതാരങ്ങൾ നടത്തി വന്ന സമരം നിർത്തി. 2010 മുതൽ ‘14 വരെയുള്ള സ്പോർട്സ് േക്വാട്ടയിലെ 249 ഒഴിവുകളിലേക്ക് എട്ട് വർഷം മുമ്പാണ് നിയമന നടപടി ആരംഭിച്ചത്. 2023 ആയിട്ടും ഈ പട്ടികയിലെ 41 പേർക്ക് നിയമനം നൽകാൻ സർക്കാറിന് സാധിച്ചില്ല. തുടർന്നാണ് കായികതാരങ്ങൾ പ്രത്യക്ഷ സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
ദേശീയതലത്തിൽ മെഡൽ നേടിയ താരങ്ങൾക്ക് അർഹമായ ജോലി നൽകുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന ആക്ഷേപമുയർന്നിരുന്നു. തുടർന്ന് സമരം ചെയ്യുന്ന കായികതാരങ്ങളുമായി സർക്കാർ ചർച്ച നടത്തി. സാമ്പത്തികബാധ്യത കണക്കിലെടുത്ത് ധനവകുപ്പിലെ എതിർപ്പുകളാണ് തുടർനടപടികൾ ഇഴയാനിടയാക്കിയത്. സമ്മർദം ശക്തമായതോടെയാണ് ഫയൽ ധനവകുപ്പ് പരിശോധന പൂർത്തിയാക്കി കായികവകുപ്പിന് കൈമാറിയത്. അവിടെ തുടർപരിശോധനകൾ പൂർത്തിയാക്കി പൊതുഭരണവകുപ്പിന് വിട്ടു. പൊതുഭരണ വകുപ്പിൽ നിന്നാണ് ഫയൽ മന്ത്രിസഭയിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.