ഹൈദരാബാദിന് അടിതെറ്റി; ഫൈനലിലേക്ക് 160 റൺസ് ദൂരത്തിൽ കൊൽക്കത്ത

അഹമ്മദാബാദ്: ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ബാറ്റിങ്ങിൽ ചുവട് പിഴച്ചു. കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. 55 റൺസെടുത്ത രാഹുൽ ത്രിപതിയാണ് ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ ഞെട്ടിച്ചാണ് കൊൽക്കത്ത പേസർ മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്. അക്കൗണ്ട് തുറക്കും മുൻപ് ഇന്നിങ്സിലെ രണ്ടാം പന്തിൽ ട്രാവിസ് ഹെഡിന്റെ സ്റ്റംപ് പിഴുതെറിഞ്ഞു. രണ്ടാമത്തെ ഓവറിൽ വെടിക്കട്ട് ഓപണർ അഭിഷേക് ശർമയും(3) വീണു. വൈഭവ് അറോറയുടെ പന്തിൽ ആന്ദ്രേ റസ്സൽ പിടിച്ച് പുറത്താക്കുകയായിരുന്നു. കരുതലോടെ ക്രീസിൽ നിലയുറപ്പിച്ച രാഹുൽ ത്രിപതി സ്കോർ ചലിപ്പിച്ച് തുടങ്ങിയെങ്കിലും ഒമ്പത് റൺസെടുത്ത നിതീഷ് കുമാർ റെഡി സ്റ്റാർക്കിന് രണ്ടാമത്തെ വിക്കറ്റും നൽകിതോടെ അപകടം മണത്തു. കൂറ്റൻ ഷോട്ടിന് ശ്രമിക്കവെ ഉയർന്ന് പൊങ്ങിയ പന്ത് ഗുർബാസ് പിടിച്ച് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഷഹബാസ് അഹമ്മദിനെ (0) ബൗൾഡാക്കി സ്റ്റാർക്ക് മൂന്നാം വിക്കറ്റ് തികച്ചു.

തുടർന്ന് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ ത്രിപതിക്ക് ഉറച്ച പിന്തുണയുമായി ക്രീസിൽ നിലയറുപ്പിച്ചതോടെ സ്കോറിന് വേഗം കൂടി. 11 ഓവറിൽ 101 റൺസിൽ നിൽക്കെ ക്ലാസനും വീണു. 21 പന്തിൽ 32 റൺസെടുത്ത ക്ലാസൻ വൈഭവ് അറോറയെ ഉയർത്തി അടിക്കാനുള്ള ശ്രമം സിക്സ് ലൈനിൽ നിന്ന് റിങ്കു സിങ് പിടിച്ചു. സ്കോർ 121 നിൽക്കെ രാഹുൽ ത്രിപതിയെ റസ്സൽ റണ്ണൗട്ടാക്കി. 35 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസെടുത്താണ് ത്രിപതി മടങ്ങിയത്.   

അർധസെഞ്ച്വറി നേടിയ രാഹുൽ ത്രിപതി

അബ്ദു സമദ് (12), സൻവീർ സിങ് (0) ഭുവനേശ്വർ കുമാർ (0) എന്നിവർ കാര്യമായ സംഭവനകൾ നൽകാതെ മടങ്ങി. അവസാന ഓവറുകളിൽ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്ത് നിൽപ്പാണ് ടീമിനെ തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. 24 പന്തിൽ 30 റൺസെടുത്താണ് കമ്മിൻസ് മടങ്ങിയത്. വിജയകാന്ത് വിയാസ്കാന്ത് ഏഴു റൺസുമായി പുറത്താകാതെ നിന്നു.

Tags:    
News Summary - 160 runs target for Kolkata Knight Riders against Sunrisers Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.