ഓവൽ: ശ്രീലങ്കക്കെതിരായ ആദ്യത്തെ രണ്ടു ടെസ്റ്റുകളിൽ നിരാശപ്പെടുത്തിയ ഇംഗ്ലണ്ട് സൂപ്പർതാരം ഒലീ പോപ്പ് മൂന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടി രാജകീയമായി തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ നാലു ഇന്നിങ്സുകളിൽ 30 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം.
പരിക്കേറ്റ് ബെൻ സ്റ്റോക്സ് പുറത്തുപോയതോടെ പോപ്പാണ് പരമ്പരയിൽ ടീമിനെ നയിക്കുന്നത്. ഓവലിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിൽ വെളിച്ചക്കുറവ് മൂലം നേരത്തെ സ്റ്റമ്പെടുത്തെങ്കിലും 103 പന്തിൽ 103 റൺസുമായി പോപ് ക്രീസിലുണ്ട്. എട്ടു റൺസുമായി ഹാരി ബ്രൂക്കാണ് കൂട്ടിന്. 44.1 ഓവറിൽ മൂന്നു വിക്കറ്റിന് 221 റൺസെന്ന ഭേദപ്പെട്ട നിലയിലാണ് ആതിഥേയർ. ടെസ്റ്റ് കരിയറിൽ പോപ്പിന്‍റെ ഏഴാമത്തെ സെഞ്ച്വറിയാണ് ഓവലിൽ താരം കുറിച്ചത്.
താരത്തിന്‍റെ ഈ സെഞ്ച്വറി നേട്ടങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്, കരിയറിലെ ഏഴു സെഞ്ച്വറികളും നേടിയത് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെയാണ്. 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ് ഒരു താരം കരിയറിലെ ആദ്യ ഏഴു സെഞ്ച്വറികളും വ്യത്യസ്ത ടീമുകൾക്കെതിരെ നേടുന്നത്. അതും ആറു വേദികളിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു താരത്തിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് ഇതിനകം പരമ്പര സ്വന്തമാക്കിയിരുന്നു.
മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിൽ ബെൻ ഡക്കറ്റ് (79 പന്തിൽ 86), ഡാൻ ലോറൻസ് (21 പന്തിൽ അഞ്ച്), ജോ റൂട്ട് (48 പന്തിൽ 13) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ലങ്കക്കായി ലഹിരു കുമാര രണ്ടും മിലൻ രത്നായകെ ഒരു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.