കൊൽകത്ത: സുനിൽ നരെയ്ന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽകത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. 56 പന്തിൽ 13 ഫോറും ആറ് സിക്സുമുൾപ്പെടെ 109 റൺസാണ് നരെയ്ൻ നേടിയത്.
എവേ മാച്ചിൽ ടോസ് നേടിയ രാജസ്ഥാൻ കൊൽകത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർ ഫിൽ സാൽട്ടിനെ (10) ആവേശ് ഖാൻ തകർപ്പൻ ക്യാച്ചിലൂടെ നേരത്തെ പറഞ്ഞയച്ചെങ്കിലും രഘുവംശിയുമായി ചേർന്ന് സുനിൽ നരെയ്ൻ തകർത്തടിച്ച് തുടങ്ങി. സ്റ്റാർ സ്പിന്നർമാരായ യുശ്വേന്ദ്ര ചഹലും രവിചന്ദ്ര അശ്വിനുമാണ് നരെയ്ന്റെ ബാറ്റിന്റെ ചൂട് കൂടുതലറിഞ്ഞത്.
30 റൺസെടുത്ത് രഘുവംശിയും 11 റൺസെടുത്ത് നായകൻ ശ്രേയസ് അയ്യരും 13 റൺസെടുത്ത് ആന്ദ്രേ റസ്സലും മടങ്ങിയെങ്കിലും തകർപ്പൻ ഹിറ്റുകളുമായി നരെയ്ൻ സെഞ്ച്വറി പൂർത്തിയാക്കി. 49 പന്തിലാണ് സെഞ്ച്വറി നേടിയത്. ഒടുവിൽ ബോൾട്ടിന്റെ പന്തിൽ ബൗൾഡായി നരെയ്ൻ മടങ്ങുമ്പോൾ ടീം സ്കോർ 17.3 ഓവറിൽ ടീം സ്കോർ 195 റൺസിലെത്തിയിരുന്നു.
വെങ്കിടേഷ് അയ്യർ എട്ടു റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിങ്കുസിങ് 9 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി അവേശ് ഖാനും കുൽദീപ് സെന്നും രണ്ടും ട്രെൻഡ് ബോൾട്ടും ചഹലും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.