ക്രൈസ്റ്റ്ചര്‍ച്ച്: ട്വന്റി 20യെ വെല്ലുന്ന ത്രില്ലറിനൊടുവിൽ ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡിന് ആവേശ ജയം. ഏറെ നാടകീയതകള്‍ നിറഞ്ഞ മത്സരത്തിൽ അവസാന പന്തിലാണ് ന്യൂസിലാന്‍ഡ് ജയിച്ചുകയറിയത്. മത്സരത്തിന്റെ അഞ്ചാം ദിനത്തിലെ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്.
ന്യൂസിലന്‍ഡ് ജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാമെന്നതിനാൽ ഇന്ത്യന്‍ ആരാധകരും ഉറ്റുനോക്കിയ മത്സരമായിരുന്നു ഇത്. അവസാന ദിനം 37 ഓവര്‍ മഴയെടുത്തതോടെ 53 ഓവറില്‍ 257 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം. ഇതോടെ ജയം ആരുടെ പക്ഷത്തും നിൽക്കാമെന്ന സ്ഥിതിയായി. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലും ചേർന്ന് കിവീസിനെ അനായാസ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ശ്രീലങ്ക പോരാട്ടം അവസാന ഓവറിലേക്ക് കരുതിവെക്കുകയായിരുന്നു.
81 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ പുറത്തായതോടെയാണ് ന്യൂസിലാൻഡ് പ്രതിരോധത്തിലായത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ വേണ്ടത് എട്ട് റണ്‍സായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അസിത ഫെര്‍ണാണ്ടോയാണ് ശ്രീലങ്കക്കായി അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തില്‍ വില്യംസണ്‍ ഒരു റണ്ണെടുത്തു. രണ്ടാം പന്തില്‍ മാറ്റ് ഹെൻറിയും ഒരു റണ്‍ നേടി. എന്നാല്‍, മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടെ ഹെൻറി റണ്ണൗട്ടായി. ഇതോടെ കിവീസ് പ്രതിരോധത്തിലായി. മൂന്ന് പന്തിൽ വേണ്ടത് അഞ്ച് റൺസ്. എന്നാല്‍, നാലാം പന്തില്‍ ബൗണ്ടറി നേടി വില്യംസണ്‍ സ്‌കോര്‍ സമനിലയിലാക്കി. 121 റൺസുമായി ക്യാപ്റ്റൻ ക്രീസിലുള്ളപ്പോൾ രണ്ട് പന്തില്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. അനായാസം ജയിക്കുമെന്ന് കരുതിയെങ്കിലും അഞ്ചാം പന്തിലെ ബൗൺസറിൽ വില്യംസണ് റൺസെടുക്കാനായില്ല. വൈഡാണെന്ന് സംശയിച്ചെങ്കിലും അമ്പയർ വിളിച്ചതുമില്ല. ഇതോടെ അവസാന പന്തില്‍ ഒരു റണ്‍സായി വിജയലക്ഷ്യം.
അവസാന പന്തില്‍ അസിതയുടെ ബൗണ്‍സറിൽ ഷോട്ടിന് ശ്രമിച്ച വില്യംസണിന്റെ ബാറ്റിൽ പന്ത് തട്ടിയില്ല. പന്ത് വിക്കറ്റ് കീപ്പര്‍ പിടിച്ചെടുത്തെങ്കിലും നോൺസ്ട്രൈക്കറായി നിന്നിരുന്ന നീല്‍ വാഗ്നര്‍ റണ്ണെടുക്കാനായി കുതിച്ചതോടെ വില്യംസണും ഓടി. ഇതോടെ കീപ്പര്‍ പന്ത് അസിതക്ക് കൈമാറി. അസിത നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റമ്പ് തെറിപ്പിച്ചു. ഒപ്പം ക്രീസിലേക്ക് വില്യംസൺ ഡൈവ് ചെയ്തെത്തി. വില്യംസൺ ഔട്ടായെന്ന് ഉറപ്പിച്ച് ശ്രീലങ്ക ആഘോഷവും തുടങ്ങി.
അമ്പയര്‍ തീരുമാനം മൂന്നാം അമ്പയർക്ക് കൈമാറുകയും സ്ക്രീനില്‍ വില്യംസണിന്റെ ബാറ്റ് ക്രീസിനുള്ളിലാണെന്ന് കാണിക്കുകയും ചെയ്തതോടെ ശ്രീലങ്കന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു. അതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ത്രില്ലറുകളിലൊന്നിൽ ന്യൂസിലാൻഡിന് ചരിത്രവിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.