സെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക): ഹെയ്ന്റിച്ച് ക്ലാസന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിൽ ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ വമ്പൻ സ്കോറുയർത്തി ദക്ഷിണാഫ്രിക്ക. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റിന് 416 റൺസാണ് ആതിഥേയർ അടിച്ചുകൂട്ടിയത്.
ക്ലാസൻ 83 പന്തിൽ നേടിയ 174 റൺസാണ് ദക്ഷിണാഫ്രിക്കയെ ഉയരങ്ങളിലെത്തിച്ചത്. 13 വീതം ഫോറും സിക്സുമാണ് ക്ലാസൻ പറത്തിയത്. അഞ്ചാം നമ്പറോ അതിന് താഴെയോ ഇറങ്ങി ഒരു ബാറ്റർ നേടുന്ന ഉയർന്ന സ്കോർ കൂടിയാണിത്. കപിൽ ദേവ് ആറാം നമ്പറായി ഇറങ്ങി 175 റൺസ് നേടിയിരുന്നു.
ഡേവിഡ് മില്ലർ 82 റൺസുമായി പുറത്താകാതെ നിന്നു. റാസീ വാൻഡർ ഡസൻ 62ഉം ക്വിന്റൺ ഡികോക്ക് 45ഉം റൺസ് നേടി. ഒടുവിൽ വിവരണം കിട്ടുമ്പോൾ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടി. മത്സരത്തിൽ മറ്റൊരു നാണക്കേടിന്‍റെ റെക്കോഡ് കൂടി പിറന്നു. ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ റെക്കോഡാണ് ആസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപ സ്വന്തമാക്കിയത്.
പത്തോവറില്‍ ഒരു വിക്കറ്റ് പോലും നേടാതെ 113 റൺസാണ് സാംപ വഴങ്ങിയത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹാനസ്ബർഗിൽ നടന്ന മത്സരത്തിൽ ആസ്‌ട്രേലിയയുടെ തന്നെ മിക്ക് ലെവിസും ഒരു വിക്കറ്റ് പോലും നേടാതെ 113 റൺസ് വഴങ്ങിയിരുന്നു. പരമ്പരയിൽ ആസ്ട്രേലിയ 2-1ന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.