അഫ്ഗാന് ബാറ്റിങ് തകർച്ച; 12.1 ഓവറിൽ ജയിച്ചാൽ ബംഗ്ലാദേശ് സെമിയിൽ; മഴ രക്ഷകനാകുമോ?

കിങ്സ് ടൗൺ: സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച. സെമി സ്വപ്നം കാണുന്ന അഫ്ഗാൻ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 12.1 ഓവറിൽ ലക്ഷ്യം കണ്ടാൽ അഫ്ഗാനെ മറികടന്ന് ബംഗ്ലാദേശിന് സെമിയിലെത്താനാകും. അഫ്ഗാൻ ഇന്നിങ്സിനു പിന്നാലെ മഴ പെയ്തതോടെ കളി തടസ്സപ്പെട്ടിരിക്കുകയാണ്. മത്സരം ഉപേക്ഷിച്ചാൽ അഫ്ഗാൻ അവസാന നാലിലെത്തും. അഫ്ഗാനു പുറമെ, ഇന്ത്യയോടും തോറ്റതോടെ ആസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾ അവതാളത്തിലായിരുന്നു.

അഫ്ഗാന് ഓപ്പണർമാരായ റഹുമാനുല്ല ഗുർബാസും (55 പന്തിൽ 43) ഇബ്രഹീം സദ്രാനും ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് തിളങ്ങാനായില്ല. ഇരുവരും ഒന്നാം വിക്കറ്റിൽ 10.4 ഓവറിൽ 59 റൺസെടുത്തു. അസ്മത്തുല്ല ഉമർസായി (12 പന്തിൽ 10), ഗുൽബാദിൻ നായിബ് (മൂന്നു പന്തിൽ നാല്), മുഹമ്മദ് നബി (അഞ്ചു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഏഴു റൺസുമായി കരീം ജന്നത്ത്, 19 റൺസുമായി നായകൻ റാഷിദ് ഖാൻ എന്നിവർ പുറത്താകാതെ നിന്നു.

ബംഗ്ലാദേശിന്‍റെ തകർപ്പൻ ബൗളിങ്ങാണ് അട്ടിമറി വീരന്മാരെ ചെറിയ സ്കോറിലൊതുക്കിയത്. റിഷാദ് ഹുസൈൻ നാലു ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. തസ്കീം അഹ്മദ്, മുസ്താഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഗ്രൂപ്പിൽനിന്ന് മൂന്നു ജയവുമായി ഇന്ത്യ സെമിയിലെത്തിയിരുന്നു.

Tags:    
News Summary - Afghanistan restricted to just 115-5 after winning toss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.