ടറൂബ: പ്രോട്ടീസിന് ഇനി ആശ്വസിക്കാം, ട്വന്റി 20 ലോകകപ്പിലെ കലാശക്കളിക്ക് യോഗ്യത നേടാത്തവരെന്ന ചീത്തപ്പേര് അവർ കഴുകി കളഞ്ഞിരിക്കുന്നു. ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഒരു കലാശക്കളി കളിക്കാനൊരുങ്ങുന്നത്. ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.
അഫ്ഗാന് മത്സരത്തിൽ ഒരു അവസരവും നൽകാതെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനം. ആദ്യംബാറ്റ് ചെയ്ത അഫ്ഗാനെ അവർ 56 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിൽ 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസമായി തന്നെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടക്കുകയും ചെയ്തു.
ലോകകപ്പിൽ ആസ്ട്രേലിയ അടക്കമുള്ള വമ്പൻ ടീമുകൾക്കെതിരെ എടുത്ത പോരാട്ടവീര്യം ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുക്കാൻ അഫ്ഗാനായില്ല. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 56 റൺസിന് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ മാർക്കോ ജാൻസെനും തബ്രായിസ് ഷംസിയുമാണ് അഫ്ഗാൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. റബാദയും ആൻറിച്ച് നോർട്ട്ജെയും രണ്ട് വിക്കറ്റ് വീതവും നേടി.
അഫ്ഗാൻ നിരയിൽ 10 റൺസെടുത്ത അസ്മത്തുള്ള ഒമറാസിയാണ് ടോപ് സ്കോറർ. 13 റൺസ് അഫ്ഗാന് എക്സ്ട്രാസായും ലഭിച്ചു. സ്കോർബോർഡിൽ നാല് റൺസ് എത്തുമ്പോഴേക്കും അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ടീമിന്റെ കൂട്ടതകർച്ചയാണ് കണ്ടത്. 11.5 ഓവറിൽ 56 റൺസിന് അഫ്ഗാൻ ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിൽ ആറ് റൺസ് എടുക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കക്കും ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് റൺസെടുത്ത ഡികോക്കിനെ ഫാറൂഖിയാണ് പുറത്താക്കിയത്. എന്നാൽ, പിന്നീടെത്തിയ ക്യാപ്റ്റൻ എയ്ഡൻ മർകറത്തെ കൂട്ടുപിടിച്ച് ഓപ്പണർ റീസ ഹെൻഡ്രിക്സ് കൂടുതൽ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.