തിരുവനന്തപുരം: മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലേക്ക്. 2019 ഡിസംബർ എട്ടിന് ഇന്ത്യയും വെസ്റ്റിൻഡീസുമായി നടന്ന മത്സരത്തിനു ശേഷം ഈ മാസം 28നാണ് മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്ന് ട്വന്‍റി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണിത്.
2019ൽ വെസ്റ്റിൻഡീസുമായി ഇവിടെ നടന്ന മത്സരത്തിൽ തോൽവി രുചിച്ച ഇന്ത്യക്ക് തിരുവനന്തപുരത്തെ കാണികളെ തൃപ്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ മത്സരം. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയെങ്കിലും 18.3 ഓവറിൽ പുറത്താകാതെ 67 റൺസ് നേടിയ സിമൻസിന്‍റെയും 38 റൺസ് നേടിയ നിക്കോളാസ് പൂരന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങിൽ എട്ട് വിക്കറ്റിന് ഇന്ത്യയെ വെസ്റ്റിൻഡീസ് തോൽപ്പിച്ചു.
അതിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കാര്യവട്ടത്ത് ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിന്‍റെ സാഹചര്യത്തിൽ മത്സരം കൊൽക്കത്തയിലെ ഈഡൻഗാർഡനിലേക്ക് മാറ്റിയത് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. ഈ മാസം 19 ഓടെ മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ആരംഭിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പക്ഷേ, ലോക്കൽ ബോയ് ആയ സഞ്ജു സാംസന്‍റെ അഭാവം ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുമെന്നത് മറ്റൊരു സത്യം.
50,000ത്തോളം കാണികളെ ഉൾക്കൊള്ളാനാകുന്ന ഈ സ്റ്റേഡിയം ഒരിക്കലും ബി.സി.സി.ഐയെ നിരാശപ്പെടുത്തിയിട്ടില്ല. നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ഇവിടെ മുമ്പ് മത്സരങ്ങൾ നടന്നത്. എന്നാൽ, കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ സ്പോർട്സ് ഹബിലേക്ക് മത്സരങ്ങൾ എത്തുമോയെന്ന ആശങ്ക മുമ്പ് ഉയർന്നിരുന്നു.
സ്റ്റേഡിയം കാടുപിടിച്ചതും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിനും ആർമി റിക്രൂട്ട്മെന്‍റിനുമായി സ്റ്റേഡിയം നൽകിയതുമെല്ലാം ഈ ആശങ്കയുടെ തോത് വർധിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഉൾപ്പെടെ മത്സരങ്ങൾ കൊച്ചിയിലേക്ക് മാറ്റുന്നതിനുള്ള നീക്കങ്ങൾ നടത്തിയത് കായികപ്രേമികളെ ഏറെ ആശങ്കയിലാക്കിയിരുന്നു. ഈ മാസം 20ന് ആരംഭിക്കുന്ന ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരക്ക് ശേഷമാണ് ഇന്ത്യ ഇവിടെയെത്തുക.
തിരുവനന്തപുരം: കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിന് നികുതിയിളവ് നൽകാൻ സർക്കാറും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിൽ ധാരണയായി. കോർപറേഷൻ പുതുതായി ആവശ്യപ്പെട്ട 24 ശതമാനം വിനോദ നികുതി അഞ്ചു ശതമാനമായി കുറക്കാനാണ് ധാരണ. 2019ൽ അവസാനമായി ഇവിടെ നടന്ന രാജ്യാന്തര മത്സരത്തിന്റെ ടിക്കറ്റിന് വിനോദ നികുതി ഇല്ലാതെ ജി.എസ്.ടി മാത്രമാണ് ഈടാക്കിയിരുന്നത്. 1000 രൂപ മുതൽ 5000 രൂപ വരെയായിരുന്നു അന്ന് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.