ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരാവാൻ കളത്തിലിറങ്ങി മുൻ താരങ്ങൾ. അജിത് അഗാർക്കർ , മനീന്ദർ സിങ്, ചേതൻ ശർമ, ശിവസുന്ദർ ദാസ് എന്നിവരാണ് ഒഴിവുവന്ന മൂന്നു സെലക്ഷൻ കമ്മിറ്റി പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിച്ചത്.
നേരത്തെ അഗാർക്കർ സെലക്ടർ പോസ്റ്റിനായി അപേക്ഷിച്ചിരുന്നെങ്കിലും ബി.സി.സി.ഐയുടെ മേഖല തിരിച്ച് അംഗത്വം നൽകാനുള്ള നയത്തിെൻറ ഭാഗമായി പുറത്താവുകയായിരുന്നു. നിയമം അല്ലെങ്കിലും കാലങ്ങളായി ബി.സി.സി.ഐ തുടർന്ന് വരുന്ന രീതിയാണിത്.
231 രാജ്യാന്തര മത്സരങ്ങളുടെ പരിചയസമ്പത്തുള്ള അഗാർക്കറിനെ തിരഞ്ഞെടുത്താൽ, സെലക്ഷൻ കമ്മിറ്റി ചെയർമാനും അദ്ദേഹമാവും. ചട്ടങ്ങൾ പ്രകാരം സെലക്ഷൻ പാനലിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരം കളിച്ച അംഗമാണ് തലവനായി വരിക. 26 ടെസ്റ്റുകളിലാണ് അഗാർക്കർ ഇന്ത്യക്കായി കളിച്ചത്.
മനീന്ദർ ശർമ (35 ടെസ്റ്റ്), ശർമ (23 ടെസ്റ്റ്), എസ്.എസ് ദാസ് (23 ടെസ്റ്റ്) എന്നിങ്ങനെയാണ് മറ്റ് അപേക്ഷകരുടെ ടെസ്റ്റിലെ പരിചയ സമ്പത്ത്. ലോകകപ്പിൽ ഇന്ത്യക്കായി ഹാട്രിക് നേടിയ ആദ്യ താരമാണ് ശർമ.
ശരൺദീപ് സിങ്, ജതിൻ പരൻജ്പേ, ദേവാങ് ഗാന്ധി എന്നിവർ നാലു വർഷ കാലാവധി പൂർത്തിയാക്കിയ വേളയിലാണ് മൂന്ന് സെലക്ടർമാരുടെ ഒഴിവ് വന്നത്. ഇൗ വർഷം ആദ്യം എം.എസ്.കെ പ്രസാദും ഗഗൻ ഖോഡയും കാലാവധി പൂർത്തിയാക്കിയിരുന്നു. സുനിൽ ജോഷിയും ഹർവീന്ദർ സിങ്ങുമാണ് ഇരുവർക്കും പകരക്കാരായി എത്തിയത്.
ജോഷിയാണ് നിലവിൽ ചെയർമാൻ. അഗാർക്കറോ മറ്റ് മുൻ ക്രിക്കറ്റർമാരോ വന്നാൽ ജോഷിയുടെ ചെയർമാൻ സ്ഥാനം നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.