ചെന്നൈയോടും തോറ്റു; േപ്ല ഓഫ് ഉറപ്പിക്കാനാവാതെ രാജസ്ഥാൻ

ചെന്നൈ: ഐ.പി.എല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ച് വിക്കറ്റിന്റെ അനായാസ ജയം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദ് മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ 10 പന്ത് ശേഷിക്കെയാണ് ആതിഥേയർ ജയം പിടിച്ചെടുത്തത്. ഗെയ്ക്‍വാദ് 41 പന്തിൽ 42 റൺസുമായി പുറത്താകാതെനിന്നു. ജയത്തോടെ ​ചെന്നൈ േപ്ലഓഫ് പ്രതീക്ഷ വർണാഭമാക്കിയപ്പോൾ ജയിച്ചാൽ ​േപ്ലഓഫിൽ ഇടമുറപ്പിക്കാമായിരുന്ന സഞ്ജുവിന്റെയും സംഘത്തിന്റെയും കാത്തിരിപ്പ് നീണ്ടു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള അവസാന മത്സരം ജയിച്ചാൽ ചെന്നൈക്ക് ​അവസാന നാലിൽ ഇടമുറപ്പിക്കാം. രാജസ്ഥാന് 15ന് പഞ്ചാബ് കിങ്സുമായും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായും മത്സരങ്ങളുണ്ട്. ഇതിലൊന്ന് ജയിച്ചാൽ ​േപ്ല ഓഫിൽ ഇടം ലഭിക്കും. ടൂർണമെന്റിന്റെ തുടക്കത്തിൽ ജയം പതിവാക്കിയിരുന്ന രാജസ്ഥാന് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റതാണ് തിരിച്ചടിയായത്. 

142 റൺസെന്ന താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്കായി ഓപണർമാരായ രചിൻ രവീന്ദ്രയും ഗെയ്ക്‍വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 3.4 ഓവറിൽ 32 റൺസിലെത്തിയ സഖ്യം പൊളിച്ചത് രവിചന്ദ്രൻ അശ്വിനാണ്. 18 പന്തിൽ 27 റൺസിലെത്തിയ രചിൻ രവീന്ദ്രയെ സ്വന്തം ബാളിൽ അശ്വിൻ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ ഡാറിൽ മിച്ചലും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. 13 പന്തിൽ 22 റൺസെടുത്ത മിച്ചലിനെ യുസ്​വേന്ദ്ര ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൊയീൻ അലി 10 റൺസുമായും ശിവം ദുബെ 18 റൺസുമായും കളം വിട്ട ശേഷമെത്തിയ രവീന്ദ്ര ജദേജ നാടകീയമായി ഔട്ടാകുന്നതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. രണ്ടാം റണ്ണിനോടുമ്പോൾ ഗെയ്ക്‍വാദ് മടക്കി അയച്ചതോടെ പന്ത് ലഭിച്ച സഞ്ജു സ്റ്റമ്പിനെറിഞ്ഞത് കൊണ്ടത് തിരിഞ്ഞോടുന്ന ജദേജയുടെ ശരീരത്തിലായിരുന്നു. രാജസ്ഥാൻ ഔട്ടിനായി അപ്പീൽ ചെയ്തതോടെ ഫീൽഡ് അമ്പയർമാർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. ജദേജയുടെ ഓട്ടം സ്റ്റമ്പ് മറച്ചായതിനാൽ ഔട്ട് വിധിക്കുകയും ചെയ്തു. തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ജദേജ കളം വിട്ടത്. എന്നാൽ, തുടർന്നെത്തിയ സമീർ റിസ്‍വി എട്ട് പന്തിൽ 15 റൺസെടുത്ത് രാജസ്ഥാൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി. രാജസ്ഥാന് വേണ്ടി അശ്വിൻ രണ്ടും നാന്ദ്രെ ബർഗർ, യുസ്​വേന്ദ്ര ചാഹൽ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.

രാജസ്ഥാനനെ വരിഞ്ഞുമുറുക്കി ചെന്നൈ ബൗളർമാർ

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാനെ ചെന്നൈ ബൗളർമാർ പിടി​ച്ചുകെട്ടുകയായിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് സന്ദർശകർക്ക് എടുക്കാനായത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്ത് നേരിട്ട് 15 റൺസ് മാത്രമെടുത്ത് മടങ്ങി. ഒരൊറ്റ ഫോറോ സിക്സോ നേടാനാവാതിരുന്ന സഞ്ജുവിനെ സിമർജീത്ത് സിങിന്റെ പന്തിൽ ഋതുരാജ് ഗെയ്ക്‍വാദ് പിടികൂടുകയായിരുന്നു. 35 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 47 റൺസെടുത്ത് പുറത്താകാതെനിന്ന റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

രാജസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ യശസ്വി ജയ്സ്വാളും (21 പന്തിൽ 24), ജോസ് ബട്‍ലറും ചേർന്ന് (25 പന്തിൽ 21) ആദ്യ വിക്കറ്റിൽ 43 റൺസ് ചേർത്തെങ്കിലും കാര്യമായ റണ്ണൊഴുക്കുണ്ടായില്ല. സിമർജീത്ത് സിങ്ങാണ് ഇരുവരെയും മടക്കിയത്. സഞ്ജുവിനെയും സിമർജീത്ത് മടക്കിയതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. റിയാൻ പരാഗും ധ്രുവ് ജുറേലും (18 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 28) ചേർന്ന് അവസാന ഓവറുകളിൽ സ്കോറുയർത്താൻ ശ്രമം നടത്തിയെങ്കിലും ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ജുറേലിനെ അവസാന ഓവറിലെ ആദ്യ പന്തിൽ തുഷാർ ​ദേശ്പാണ്ഡെയുടെ പന്തിൽ ശിവം ദുബെ പിടികൂടിയപ്പോൾ തുടർന്നെത്തിയ ശുഭം ദുബെയും റൺസെടുക്കും മുമ്പ് ഇതേ രീതിയിൽ മടങ്ങി. ചെന്നൈ ബൗളർമാരിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സിമർജീത്ത് സിങ്ങും 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയും മികച്ചുനിന്നു.


Tags:    
News Summary - Also lost to Chennai; Rajasthan unable to confirm Playoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.