അഹ്മദാബാദ്: ഐ.പി.എല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ അമ്പാട്ടി റായുഡു. ഫൈനലോടെ കരിയറിന് വിരാമമിടുമെന്ന് 36കാരൻ ട്വിറ്ററിൽ കുറിച്ചു. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി 14 സീസണിൽ 204 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറികളും സഹിതം 28.29 ശരാശരിയിലും 127.29 സ്ട്രൈക്ക് റേറ്റിലും റായുഡു 4329 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 100 ആണ് ഉയര്‍ന്ന സ്കോര്‍. നിലവിലെ സീസണിലേത് കൂടാതെ എട്ട് ഫൈനലുകളിൽ ഇറങ്ങിയ റായുഡു അഞ്ച് കിരീട നേട്ടങ്ങളുടെയും ഭാഗമായി. വിക്കറ്റ് കീപ്പറുടെ ചുമതലയും വഹിക്കാറുണ്ട്.
2018ല്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ തിരിച്ചുവരവില്‍ ബാറ്റിങ് ഹീറോയായിരുന്നു അമ്പാട്ടി റായുഡു. അന്ന് 16 മത്സരങ്ങളില്‍ 43 റൺസ് ശരാശരിയിലും 149.75 പ്രഹരശേഷിയിലും ഒരു ശതകവും മൂന്ന് അര്‍ധ ശതകവും സഹിതം 602 റണ്‍സാണ് ആ സീസണിൽ അടിച്ചുകൂട്ടിയത്. 2010ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐ.പി.എല്ലില്‍ അരങ്ങേറിയ താരം അവിടെ 2017 വരെ കളിച്ചപ്പോള്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി. 2018ല്‍ സി.എസ്.കെയിലേക്ക് മാറി. ഐ.പി.എല്‍ 2022 സീസണിന് ശേഷം റായുഡു വിരമിക്കുന്നതായി ട്വീറ്റ് ചെയ്‌തിരുന്നെങ്കിലും ഉടന്‍ തന്നെ ഡിലീറ്റ് ചെയ്‌തു. ഇക്കുറി തീരുമാനം മാറ്റില്ലെന്നാണ് റായുഡുവിന്‍റെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.