ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തിൽ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറിനും എസ്. ശ്രീശാന്തിനുമെതിരെ നടപടിയുണ്ടാകും. സംഭവത്തിൽ വിശദീകരണം തേടി മലയാളി താരം ശ്രീശാന്തിന് ലെജൻഡ്സ് ലീഗ് അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ‘വാതു​വെപ്പുകാരൻ’ എന്ന് വിളിച്ചെന്ന ആരോപണത്തിന് പിന്നാലെ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ലീഗിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും നിയമ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. വിഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും ഇതിൽ മുന്നറിയിപ്പുണ്ട്.

ആഭ്യന്തര അന്വേഷണം നടത്തുമെന്നും മോ​ശം പെരുമാറ്റം തെളിഞ്ഞാൽ കടുത്ത നടപടിയുണ്ടാകുമെന്നും ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് അധികൃതർ അറിയിച്ചു. ‘ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെയും സ്‌പോർട്‌സ്‌മാൻഷിപ്പിന്റെയും സ്പിരിറ്റ് ഉയർത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തും. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഗ്രൗണ്ടിനകത്തും പുറത്തും നടക്കുന്ന ഏതൊരു മോശം പെരുമാറ്റവും കർശനമായി നേരിടും. ലീഗിനും കളിയുടെ സ്പിരിറ്റിനും അവർ പ്രതിനിധീകരിക്കുന്ന ടീമുകൾക്കും അപകീർത്തി വരുത്തുന്ന കളിക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്’ -ലെജൻഡ്സ് ലീഗ് അച്ചടക്ക സമിതി ചെയർമാൻ സെയ്ദ് കിർമാനി പറഞ്ഞു.

ഇന്ത്യൻ കാപിറ്റൽസ് താരമായ ഗംഭീറും ഗുജറാത്ത് ജയന്റ്സ് താരമായ ശ്രീശാന്തും മത്സരത്തിനിടെയാണ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഫോറും സിക്‌സറും നേടിയതോടെയാണ് ഇരുവരും ഉരസിയത്. ശ്രീശാന്ത് ആദ്യം ഗംഭീറിനെ രൂക്ഷമായി നോക്കുന്നതും പിന്നാലെ ഗംഭീർ തിരിച്ചു നോക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ, ആരാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമല്ല. അമ്പയർമാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവത്തില്‍ അമ്പയര്‍മാരും ലെജന്‍ഡ്സ് ലീഗ് അധികൃതര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് ആരോപിച്ചപോലെ ഗംഭീര്‍ മത്സരത്തിനിടെ ‘വാതു​വെപ്പുകാരൻ’ എന്നു വളിച്ചതായി പറയുന്നില്ല. അമ്പയര്‍മാരെയും ഗംഭീര്‍ അധിക്ഷേപിച്ചെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. മത്സരശേഷമാണ് ഗംഭീര്‍ തന്നെ ‘വാതു​വെപ്പുകാരൻ’ എന്ന് വിളിച്ച് അപമാനിച്ചെന്ന് വ്യക്തമാക്കി ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ‘ശ്രദ്ധ നേടാനുള്ള ശ്രമം’ എന്നായിരുന്നു ഗംഭീറിന്റെ മറുപടി. ഈ മറുപടിക്ക് താഴെ ഗംഭീറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തി.

‘നിങ്ങൾ ഒരു കായിക താരത്തിന്റെ സകല അതിരുകളും ലംഘിച്ചിരിക്കുന്നു. നിങ്ങളൊരു ജനപ്രതിനിധിയാണ്. നിങ്ങൾ എല്ലാ ക്രിക്കറ്റർമാരുമായും കലഹം ഉണ്ടാക്കുന്നു. എന്നെ വാതുവെപ്പുകാരൻ എന്ന് വിളിച്ച് അപമാനിക്കാന്‍ നിങ്ങളാരാണ്?. സുപ്രീം കോടതിക്കും മുകളിലാണോ നിങ്ങള്‍?. വായില്‍ തോന്നിയത് വിളിച്ചുപറയാന്‍ നിങ്ങൾക്ക് അധികാരമില്ല. അമ്പയർമാരെ പോലും നിങ്ങള്‍ അധിക്ഷേപിച്ചു. അഹങ്കാരിയായ നിങ്ങളോട് ദൈവം പോലും പൊറുക്കില്ല’, എന്നിങ്ങനെയായിരുന്നു ശ്രീശാന്തിന്റെ മറുപടി. ശ്രീശാന്തിന്‍റെ പ്രതികരണത്തിന് പിന്നാലെ ഭാര്യയും ഗംഭീറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഗംഭീറിന്റേത് വളർത്തുദോഷമാണെന്നായിരുന്നു അവരുടെ പ്രതികരണം.

2013ൽ ഐ.പി.എൽ മത്സരത്തിൽ വാതുവെപ്പ് ആരോപണത്തെ തുടർന്ന് ബി.സി.സി.ഐ അച്ചടക്ക സമിതി ​ശ്രീശാന്തിന് ആജീവനാന്ത വി​ലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, 2019ൽ സുപ്രീം കോടതി ഇടപെട്ട് ഇത് ഏഴ് വർഷമായി ചുരുക്കിയിരുന്നു.

Tags:    
News Summary - Argument during Legends League Cricket; Action will be taken against Sreesanth and Gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.