ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ ഇഷ്ടപ്പെട്ട താരത്തിന്‍റെ പേര് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ജസ്പറീത് ബുംറയാണ് ആ ഫേവറൈറ്റ് താരം. ഇൻസ്റ്റഗ്രാമിലെ ഒരു ചോദ്യോത്തര വേളയിലാണ് അർജുൻ ഇഷ്ട താരത്തിന്‍റെ പേര് വെളിപ്പെടുത്തിയത്.
ഇഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സ് താരം ആരാണെന്നുള്ള ഒരു ആരാധകന്റെ ഇൻസ്റ്റഗ്രാമിലൂടെയുള്ള ചോദ്യത്തിന് ജസ്പ്രീത് ബുംറയെന്നായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ മറുപടി. മുംബൈ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയെ പിന്തള്ളിയാണ് തന്റെ പ്രിയതാരം ബുംറയാണെന്നു അര്‍ജുന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന സീസണിനു മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളില്‍ രോഹിത്തും ബുംറയുമുണ്ട്. സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഒഴിച്ചു മാറ്റാനാവാത്ത താരമാണ് ബുംറ. മുംബൈയിൽ നിന്നാണ് താരം കരിയറാരംഭിച്ചതും. ടീമിനൊപ്പമുള്ള മികച്ച പ്രകടനങ്ങൾ താരത്തിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നു കൊടുക്കുകയായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കടുംനീല ജഴ്‌സിയില്‍ ബുംറയുണ്ട്. ഇത്തവണ 12 കോടി രൂപയ്ക്കാണ് ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ബുംറയെ മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ 106 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 18.63 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 130 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 23.05 എന്ന ശരാശരിയും ഈ പേസര്‍ക്കുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് ബുംറ. സൗത്താഫ്രികയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ദേശീയ ടീമിനായി 27 ടെസ്റ്റുകളും 70 ഏകദിനങ്ങളും 55 ടി20കളും ബുംറ കളിച്ചിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും 113 വീതവും ടി20യില്‍ 66ഉം വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ജസ്പ്രീത് ബുംറയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. പര്യടനത്തിലെ ആറു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരയില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്ന അർജുന് ഒരു മല്‍സരത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാൻ സാധിച്ചിരുന്നുില്ല. പരിക്കു കാരണം സീസണ്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് താരത്തിനു ടീമില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു.
അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഒരുപാട് വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്. നേരത്തെ മുംബൈ ടീമിലെ നെറ്റ് ബൗളറായിരുന്നു താരം. കഴിഞ്ഞ സീസണിലായിരുന്നു അര്‍ജുന്‍ മുംബൈ ടീമിലെ ഔദ്യോഗിക അംഗമായി മാറിയത്. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹത്തെ മുംബൈ വാങ്ങിയത്. ലേലത്തില്‍ അര്‍ജുന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച ഏകഫ്രാഞ്ചൈസിയും മുംബൈയായിരുന്നു.
സച്ചിന്റെ മകനായതു കൊണ്ടുമാത്രമാണ് മുംബൈ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നതെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ കഴിവ് മാത്രം മാനദണ്ഡമാക്കിയാണ് അര്‍ജുനെ ടീമിലേക്കു കൊണ്ടു വന്നതെന്ന് മുഖ്യ കോച്ച് മഹേല ജയവര്‍ധനും ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സഹീര്‍ ഖാനും വ്യക്തമാക്കിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജുന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.