എറിഞ്ഞിട്ട് അർഷ്ദീപും ആവേശ് ഖാനും; ദക്ഷിണാഫ്രിക്ക 116ന് പുറത്ത്

ജോഹന്നസ്ബർഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിൽ നിലതെറ്റി ദക്ഷിണാഫ്രിക്ക. അഞ്ച് വിക്കറ്റ് നേടിയ അർഷ്ദീപ് സിങ്ങിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്റെയും തകർപ്പൻ ബൗളിങ്ങിൽ പിടിച്ചുനിൽക്കാനാകാതെ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസിന് പുറത്താവുകയായിരുന്നു. 33 റൺസെടുത്ത ആൻഡിലെ ഫെഹ്‍ലൂക്വായോ ആണ് ആതിഥേയരുടെ ടോപ് സ്കോറർ. ടോണി ഡി സോർസി (28), ക്യാപ്റ്റൻ എയ്ഡൻ മർക്രാം (12), തബ്രൈസ് ഷംസി (പുറത്താവാതെ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. റീസ ഹെൻ റിക്സ്, റസി വൻ ഡർ ഡസൻ, വിയാൻ മൾഡർ എന്നിവർ പൂജ്യരായി മടങ്ങി. ഹെന്റിച്ച് ക്ലാസൻ (6), ഡേവിഡ് മില്ലർ (2) കേശവ് മഹാരാജ് (4), നാന്ദ്രെ ബർഗർ (7) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

അർഷ്ദീപ് പത്തോവറിൽ 37 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയതെങ്കിൽ ആവേശ് ഖാൻ എട്ടോവറിൽ 27 റൺസ് വിട്ടുകൊടുത്താണ് നാലുപേരെ മടക്കിത്. ശേഷിക്കുന്ന വിക്കറ്റ് കുൽദീപ് യാദവ് നേടി. 2.3 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങിയായിരുന്നു കുൽദീപ് യാദവിന്റെ വിക്കറ്റ് നേട്ടം. ​

ജോഹന്നസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ മൂന്ന് റൺസ് ചേർത്തപ്പോഴേക്കും ഓപണർ റീസ ഹെന്റിക്സിന്റെ സ്റ്റമ്പ് അർഷ്ദീപ് തെറിപ്പിച്ചു. തുടർന്നെത്തിയ റസി വാർ ഡർ ഡസനെ നിലയുറപ്പിക്കും മുമ്പ് അർഷ്ദീപ് വിക്കറ്റിന് മുന്നിലും കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക മൂന്ന് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. തുടർന്ന് ടോണി സോർസിയും നായകൻ എയ്ഡൻ മർക്രാമും തകർച്ചയിൽനിന്ന് കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും 42 റൺസായപ്പോൾ മൂന്നാം വിക്കറ്റും വീണു. 28 റൺസെടുത്ത ടോണി ഡി സോർസിയായിരുന്നു മടങ്ങിയത്. സ്കോർ ബോർഡിൽ 52 റൺസുള്ളപ്പോൾ മൂന്നുപേരെയാണ് ഇന്ത്യൻ ബൗളർമാർ മടക്കിയത്. ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മർക്രാം, വിയാൻ മൾഡർ എന്നിവരാണ് തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഒരുവശത്ത് പിടിച്ചുനിന്ന് 33 റൺസെടുത്ത ഫെഹ്‍ലുക്വായോയാണ് സ്കോർ 100 കടത്തിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറോവറിൽ ഒരു വിക്കറ്റിന് 30 റൺസെന്ന നിലയിലാണ്. 10 പന്ത് നേരിട്ട് അഞ്ച് റൺസെടുത്ത ഋതുരാജ് ഗെയ്ക്‍വാദിന്റെ വിക്കറ്റാണ് നഷ്ടമായത്. 18 റൺസുമായി അരങ്ങേറ്റക്കാരൻ സായ് സുദർശനും അഞ്ച് റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

Tags:    
News Summary - Arshdeep and Avesh Khan shines; South Africa out for 116

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.