തീ പാറിച്ച് അർഷ്ദീപ്; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം

ന്യൂയോർക്ക്: ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത് പേസർ അർഷ്ദീപ് സിങ് തീ പടർത്തിയപ്പോൾ ട്വന്റി ​20 ലോകകപ്പിൽ യു.എസ്.എക്കെതിരെ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 110 റൺസിലെത്തിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് ഇരട്ട പ്രഹരമാണ് ഏൽപിച്ചത്. ആദ്യ പന്തിൽ ഷയാൻ ജഹാംഗീറിനെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയ താരം അവസാന പന്തിൽ ആൻഡ്രീസ് ഗൗസിനെ (രണ്ട്) ഹാർദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയും ചെയ്തു. സ്കോർ ബോർഡിൽ 25 റൺസായപ്പോഴേക്കും മൂന്നാം വിക്കറ്റും വീണു. താൽക്കാലിക ക്യാപ്റ്റൻ ആരോൺ ജോൺസിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടുകയായിരുന്നു. 22 പന്തിൽ 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഒരുവശത്ത് പിടിച്ചുനിന്ന സ്റ്റീവൻ ടെയ്‍ലറുടേതായിരുന്നു അടുത്ത ഊഴം. 30 പന്തിൽ 24 റൺസെടുത്ത താരത്തിന്റെ അക്സർ പട്ടേലിനെതിരായ ഷോട്ട് പിഴച്ചപ്പോൾ പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ നിതീഷ് കുമാറിനെ (23 പന്തിൽ 27) അർഷ്ദീപിന്റെ പന്തിൽ മുഹമ്മദ് സിറാജ് ബൗണ്ടറി ലൈനിൽ ഉയർന്നുചാടി മനോഹരമായി കൈയിലൊതുക്കി. 12 പന്തിൽ 15 റൺസെടുത്ത കോറി ആൻഡേഴ്സണെ ഹാർദിക് പാണ്ഡ്യയും പത്ത് പന്തിൽ അത്രയും റൺസെടുത്ത ഹർമീത് സിങ്ങിനെ അർഷ്ദീപും വിക്കറ്റ് കീപ്പർ ഋഷബ് പന്തിനെ ഏൽപിച്ചതോടെ യു.എസ്.എ ഏഴിന് 98 റൺസെന്ന നിലയിലായി. ഷാഡ്‍ലി വാൻ ഷാൽക് വെയ്ക് 11 റൺസുമായി പുറത്താകാതെനിന്നപ്പോൾ ജസ്ദീപ് സിങ് (2) അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങി.

ഇന്ത്യൻ ബൗളർമാരിൽ നാലോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി അർഷ്ദീപ് നാലുപേരെ മടക്കിയപ്പോൾ ഹാർദിക് പാണ്ഡ്യ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റ് നേടി. 

Tags:    
News Summary - Arshdeep on fire; India set a target of 111 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.