നാണക്കേടിന്റെ ഹാട്രിക് സ്വന്തം പേരിലാക്കി അർഷ്ദീപ് സിങ്

ഹർഷൽ പട്ടേലിനു പകരം ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ അർഷ്ദീപ് സിങ്ങിനെ കളിപ്പിക്കുമ്പോൾ നായകൻ ഹാർദിക് പാണ്ഡ്യക്കും ടീമിനും ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ കണ്ടെത്തലുകളിലൊന്നായിരുന്നു ഈ ഇടം കൈയന്‍ യുവ പേസര്‍.

ഇന്ത്യന്‍ പേസ് ബൗളിങ്ങിലെ ഭാവി സൂപ്പര്‍ താരമെന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരു ബ്രേക്കിനു ശേഷമാണ് അർഷ്ദീപ് ടീമിലേക്കു തിരിച്ചെത്തിയത്. എന്നാൽ, പുതുവർഷത്തിലെ ആദ്യ മത്സരം ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ താരം ഇഷ്ടപ്പെടില്ല. ഒരുപിടി നാണക്കേടിന്‍റെ റെക്കോഡുകളാണ് ഈ മത്സരത്തിലൂടെ സ്വന്തം പേരിലാക്കിയത്. ബൗളിങ്ങില്‍ ലൈനോ, ലെങ്‌ത്തോ കണ്ടെത്താനാവാതെ അർഷ്ദീപ് വലയുന്നതാണ് കണ്ടത്.

നോബാൾ എറിയുന്നതിൽ മത്സരിക്കുകയായിരുന്നു താരം. മത്സരത്തിൽ രണ്ടു ഓവർ മാത്രം എറിഞ്ഞപ്പോഴേക്കും അക്കൗണ്ടിൽ അഞ്ചു നോബാളുകളാണെത്തിയത്. ഒരോവറില്‍ തുടര്‍ച്ചയായി മൂന്നു നോബാളുകളെറിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ താരമാകുകയും ചെയ്തു. ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് അര്‍ഷ്ദീപ് പന്തെറിയാനെത്തിയത്. താരത്തിന്‍റെ രണ്ടാമത്തെ ഓവറും. ആദ്യത്തെ അഞ്ചു ബാളില്‍ ഒരു ബൗണ്ടറിയടക്കം അഞ്ചു റണ്‍സാണ് വഴങ്ങിയത്. ഇതിൽ മൂന്നു ഡോട്ട് ബാളുകളും ഉൾപ്പെടും.

പിന്നീട് താരത്തിന് നിയന്ത്രണം പാളി. തുടരെ മൂന്നു നോബാളുകളാണ് പേസര്‍ എറിഞ്ഞത്. ഇതില്‍ ഓരോ ഫോറും സിക്‌സും ലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ് അടിച്ചെടുത്തു. ഈ ഓവറില്‍ മൊത്തം 18 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ടോവറില്‍  വഴങ്ങിയത് 37 റൺസും. ഇക്കണോമി റേറ്റ് 18.50.

മത്സരത്തിൽ അഞ്ചു നോബാൾ എറിഞ്ഞതോടെ അന്താരാഷ്ട്ര ട്വന്‍റി20യിൽ ഏറ്റവുമധികം നോബാളുകള്‍ വഴങ്ങിയ ബൗളറെന്ന റെക്കോഡും അര്‍ഷ്ദീപ് സിങ്ങിന്‍റെ പേരിലായി. ഒമ്പതു നോബാളുകളായിരുന്നു അതുവരെ താരത്തിന്‍റെ പേരിലുണ്ടായിരുന്നത്. ലങ്കക്കെതിരെ അഞ്ചു നോബാളുകൾ കൂടി എറിഞ്ഞതോടെ മൊത്തം 14 ആയി. 11 നോബാളുകള്‍ വീതമെറിഞ്ഞ പാകിസ്താന്റെ ഹസന്‍ അലി, വെസ്റ്റിൻഡീസ് ജോടികളായ കീമോ പോള്‍, ഒഷെയ്ന്‍ തോമസ് എന്നിവരെയാണ് മറികടന്നത്.

Tags:    
News Summary - Arshdeep Singh creates unwanted record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.