ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ ടീമിലെത്തിക്കേണ്ടതില്ലായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ബൗളറായ ആഷിഷ് നെഹ്റ. താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ട് യുവ താരങ്ങൾക്ക് അവസരം നൽകാമായിരുന്നുവെന്നും നെഹ്റ അഭിപ്രായപ്പെട്ടു.
ടി-20 ലോകകപ്പിന് ശേഷം സീനിയർ താരങ്ങളായ കോഹ്ലി, രോഹിത് ബുംറ എന്നിവർക്കെല്ലാം ഈ പരമ്പരയിൽ റെസ്റ്റ് നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ രോഹിത്തിനെയും കോഹ്ലിയേയും ഗംഭീറിന്‍റെ ആവശ്യപ്രകാരം ടീമിലെത്തിക്കുകയായിരുന്നു.
' ഇന്ത്യയുടെ അടുത്ത പരമ്പര രണ്ട്-മൂന്ന് മാസങ്ങൾക്ക് ശേഷമാണ്. അത് കാരണം, കോഹ്ലി, രോഹിത് പോലെയുള്ള കളിക്കാർക്ക് വിശ്രമം അനുവദിച്ചുകൊണ്ട് ഈ പരമ്പരയിൽ മറ്റ് താരങ്ങളെ ടീമിലെത്തിക്കാമായിരുന്നു. ഗംഭീർ പുതിയ കോച്ചാണെന്നും മുതിർന്ന താരങ്ങളുമായി സമയം ചിലവഴിക്കണമെന്നൊക്കെ എനിക്ക് അറിയാം, എന്നാൽ ഗംഭീറിന് അറിയാത്ത ആളൊന്നുമല്ലല്ലോ ഇരുവരും,' നെഹ്റ പറഞ്ഞു.
പുതിയ താരങ്ങളെ പരീക്ഷിക്കാൻ ഗംഭീറിന് മികച്ച അവസരമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
' കോഹ്ലിയെയും രോഹിത്തിനെ മനസിലാക്കാൻ ഗംഭീർ വിദേശ കോച്ച് ഒന്നുമല്ലല്ലോ, പുതിയ താരങ്ങളെ പരീക്ഷിക്കാനുള്ള അവസരമായിരുന്നു ഗംഭീറിന് അത്. കോഹ്ലിക്കും രോഹിത്തിനും നാട്ടിൽ വെച്ച് നടക്കുന്ന പരമ്പരയിൽ ടീമിലേക്ക് തിരിച്ചെത്താമായിരുന്നു. അവരെ ടീമിലെത്തിച്ചത് മോശം തീരുമാനമാണെന്നല്ല പറയുന്നത് എന്നാൽ ഈ സീരീസിലെ സ്റ്റാറ്റർജി ഇങ്ങനെയാകാമായിരുന്നു,' നെഹ്റ കൂട്ടിച്ചേർത്തു.
കുറച്ചുനാൾ കഴിഞ്ഞ് ഇന്ത്യ സ്വന്തം നാട്ടിൽ വെച്ച് ബംഗ്ലാദേശിനെതിരെയും ന്യൂസിലാൻഡിനെതിരെയും പരമ്പര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.