പല്ലക്കെലെ: കോഹ്‌ലി ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻതാരം ഗൗതം ഗംഭീർ. നിങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടത് സത്യമല്ല, ഇന്ത്യവിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ മത്സരം നടക്കുന്ന വേദിയിലാണ് കാണികൾക്ക് നേരെ ഗൗതം ഗംഭീറിന്റെ വിവാദ പ്രതികരണം ഉണ്ടായത്.
സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ച വീഡിയോയിൽ കോഹ്‌ലി ചാന്റ് മുഴക്കുന്ന ആരാധകരെ നോക്കി ഗംഭീർ നടുവിരൽ ഉയർത്തികാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനുമായുള്ള മത്സരത്തിൽ കോഹ്‌ലി അടക്കമുള്ള ഇന്ത്യൻതാരങ്ങൾ പാക് താരങ്ങളുമായി സൗഹൃദം പങ്കിട്ടതിനെ ഗംഭീർ വിമർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഈ വിഡീയോയും പ്രചരിച്ചത്. ഗൗതം ഗംഭീറിന്റെ നടപടി വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്.
"സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടത് സത്യമല്ല, കാരണം ആളുകൾ അവർ കാണിക്കാൻ ആഗ്രഹിക്കുന്നതെന്തും കാണിക്കുന്നു. നിങ്ങൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും കശ്മീരിനെക്കുറിച്ച് സംസാരിക്കുകയും ചെയ്താൽ നിങ്ങളുടെ മുമ്പിലുള്ള വ്യക്തി പ്രത്യക്ഷത്തിൽ പ്രതികരിക്കും എന്നതാണ് വൈറലായ വീഡിയോയുടെ സത്യം. പുഞ്ചിരിച്ചിട്ട് പോകരുത്, അവിടെ രണ്ട് മൂന്ന് പാകിസ്താനികൾ കാശ്മീരിനെ കുറിച്ച് ഇന്ത്യാ വിരുദ്ധമായ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു, അത് എന്റെ സ്വാഭാവിക പ്രതികരണമായിരുന്നു, എനിക്ക് എന്റെ രാജ്യത്തിനെതിരെ ഒന്നും കേൾക്കാൻ കഴിയില്ല, അതിനാൽ, അതായിരുന്നു എന്റെ പ്രതികരണം, ഗംഭീർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
"നിങ്ങൾ എന്നെയോ എന്റെ രാജ്യത്തെയോ അധിക്ഷേപിച്ചാൽ ഞാൻ പ്രതികരിക്കില്ലെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഞാൻ അത്തരത്തിലുള്ള ആളല്ല." ഗംഭീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.