പെർത്ത്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പടുകൂറ്റൻ സ്കോറിലേക്കുള്ള ആസ്ട്രേലിയയുടെ കുതിപ്പിന് തടയിട്ട് പാകിസ്താന്റെ അരങ്ങേറ്റ ഫാസ്റ്റ് ബൗളർ ആമിർ ജമാൽ. അഞ്ചിന് 346 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ ലഞ്ചിന് തൊട്ടുപിന്നാലെ 487 റൺസിന് എല്ലാവരും പുറത്തായി.
ആദ്യദിനം രണ്ട് വിക്കറ്റ് വീഴ്ത്തിയ ജമാൽ രണ്ടാം ദിനം അവസാന നാല് വിക്കറ്റുകൾ നേടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴിന് 476 എന്ന നിലയിലായിരുന്ന ആസ്ട്രേലിയക്ക് പിന്നീട് 11 റൺസ് ചേർക്കാനേ കഴിഞ്ഞുള്ളൂ. ഓൾറൗണ്ടർ മിച്ചൽ മാർഷിന് പത്ത് റൺസകലെ സെഞ്ച്വറി നഷ്ടമായി. ലഞ്ചിന് ശേഷമുള്ള ആദ്യപന്തിൽ ഖുറം ഷെഹ്സാദാണ് മാർഷിന്റെ കുറ്റിപിഴുതത്.
107 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കമാണ് മാർഷ് 90 റൺസ് നേടിയത്. രണ്ടാംദിനം കളി നിർത്തുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ഇമാമുൽ ഹഖും (38) ഖുറം ഷഹ്സാദുമാണ് (ഏഴ്) ക്രീസിൽ. അബ്ദുല്ല ഷഫീഖും (42) ക്യാപ്റ്റൻ ഷാൻ മസൂദും (30) ആണ് പുറത്തായത്.
111 റൺസ് വഴങ്ങിയാണ് ജമാൽ ആറ് വിക്കറ്റ് സ്വന്തമാക്കിയത്. അരങ്ങേറ്റത്തിൽ ആസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശതാരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം അപൂർവമാണ്. 1967ൽ ഇന്ത്യയുടെ ആബിദ് അലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന വിദേശതാരമാണ് ജമാൽ. കരിയറിലെ അവസാന പരമ്പരയിൽ 164 റൺസ് നേടി ഡേവിഡ് വാർണറാണ് ഓസീസ് ഇന്നിങ്സിന് കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.