ത്രില്ലർ പോരിൽ ന്യൂസിലാൻഡിനെതിരെ അവസാന പന്തിൽ ജയം പിടിച്ച് ആസ്ട്രേലിയ

വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം പിടിച്ചെടുത്ത് ആസ്ട്രേലിയ. അവസാന മൂന്ന് പന്തിൽ ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കെ ടിം സൗത്തിയുടെ പന്തിൽ അത്രയും റൺസടിച്ച് ടിം ഡേവിഡാണ് അവർക്ക് കൈവിട്ടെന്ന് ഉറപ്പിച്ച മത്സരത്തിൽ വിജയം സമ്മാനിച്ചത്.

അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ഓസീസിന് ആദ്യ മൂന്ന് പന്തിൽ വൈഡ് അടക്കം നാല് റൺസാണ് നേടാനായത്. എന്നാൽ, നാലാം പന്ത് സിക്സടിച്ച ഡേവിഡ് അഞ്ചാം പന്തിൽ രണ്ട് ​റൺസും നേടി. ഇതോടെ അവസാന പന്തിൽ നാല് റൺസായി വിജയലക്ഷ്യം. ഫോറടിച്ച് ടിം ഡേവിഡ് വിജയം ഉറപ്പിക്കുകയായിരുന്നു. 10 പന്തിൽ 31 റൺസാണ് താരം നേടിയത്.

44 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറുമടക്കം പുറത്താകാതെ 72 റൺസെടുത്ത നായകൻ മിച്ചൽ മാർഷാണ് ഓസീസിന്റെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (15 പന്തിൽ 24), ഡേവിഡ് വാർണർ (20 പന്തിൽ 32), ​​െഗ്ലൻ മാക്സ്‍വെൽ (11 പന്തിൽ 25) ജോഷ് ഇംഗ്ലിസ് (20 പന്തിൽ 20) എന്നിവരും മികച്ച പിന്തുണ നൽകി. ന്യൂസിലാൻഡിനായി മിച്ചൽ സാന്റ്നർ രണ്ടും ആദം മിൽനെ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോന്ന് വീതവും വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിനായി ഡെവോൺ കോൺവെയും രചിൻ രവീന്ദ്രയും തകർത്തടിച്ചതോടെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയത്. കോൺവേ 46 പന്തിൽ 63 റൺസെടുത്തപ്പോൾ രചിൻ ര​വീന്ദ്ര 35 പന്തിൽ 68 റൺസ് അടിച്ചുകൂട്ടി. ഫിൻ അലൻ (17 പന്തിൽ 32), ​െഗ്ലൻ ഫിലിപ്സ് (10 പന്തിൽ പുറത്താകാതെ 19), മാർക് ചാപ്മാൻ (13 പന്തിൽ പുറത്താകാതെ 18) എന്നിവരും നന്നായി ബാറ്റ് ചെയ്തു. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് നേടി. 

Tags:    
News Summary - Australia win the last ball thriller against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.