ആസ്ട്രേലിയ 450/6, ഇന്ത്യ...; ഓസീസ് ഓൾ റൗണ്ടറുടെ ലോകകപ്പ് ഫൈനൽ പ്രവചനം ഇങ്ങനെ!

ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്നാണ് ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ, ടൂർണമെന്‍റിനായി ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ, ലോകകപ്പിന്‍റെ ഫൈനൽ പോരാട്ടവും സ്കോറും ഇപ്പോൾ തന്നെ പ്രവചിച്ചിരിക്കുകയാണ് ആസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ്.

ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമാണ് മാർഷ്. ഇത്തവണ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 385 റൺസിന് പരാജയപ്പെടുത്തി ആസ്ട്രേലിയ കിരീടം ചൂടുമെന്നാണ് താരത്തിന്‍റെ പ്രവചനം. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 450 റൺസ് നേടും. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയെ 65 റൺസിന് ഓൾ ഔട്ടാക്കുമെന്നും 31കാരൻ പറയുന്നു. ‘ടൂർണമെന്‍റിലെ അപരാജിത ടീമായിരിക്കും ആസ്ട്രേലിയ, ഫൈനലിൽ ഇന്ത്യയെ തോൽപിക്കും. ഫൈനലിലെ സ്കോർ ആസ്ട്രേലിയ 450/2, 65ന് ഇന്ത്യ ഓൾ ഔട്ട്’ -ഡൽഹി കാപിറ്റൽസിന്‍റെ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അഞ്ചു തവണ ലോകകപ്പ് നേടിയവരാണ് ആസ്ട്രേലിയ. 1987, 1999, 2003, 2007, 2015 വർഷങ്ങളിലായിരുന്നു കിരീടനേട്ടം. 2003ൽ ദക്ഷിണാഫ്രിക്ക വേദിയായ ലോകകപ്പിൽ ഫൈനലിൽ ഇന്ത്യയെയാണ് അവർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ്, നായകൻ റിക്കി പോണ്ടിങ്ങിന്‍റെ ബാറ്റിങ് മികവിൽ (121 പന്തിൽ 140 റൺസ്) അടിച്ചെടുത്തത് നിശ്ചിത 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 359 റൺസ്.

മൂന്നാം വിക്കറ്റിൽ പോണ്ടിങ്ങും ഡാമിൻ മാർട്ടിനും ചേർന്ന് 30.1 ഓവറിൽ 234 റൺസിന്‍റെ കൂട്ടുകെട്ടാണ് എഴുതി ചേർത്തത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 39.2 ഓവറിൽ 234 റൺസിന് എല്ലാവരും പുറത്തായി. വിരേന്ദർ സെവാഗ് 81 പന്തിൽ 82 റൺസും രാഹുൽ ദ്രാവിഡ് 57 പന്തിൽ 47 റൺസും നേടി. ഓസീസിനായി ഗ്ലെൻ മഗ്രാത്ത് മൂന്നു വിക്കറ്റ് നേടി.

Tags:    
News Summary - Australian all-rounder Mitchell Marsh's prediction for World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.