ബാബർ അസം

യു.എസിനെതിരെ തോറ്റെങ്കിലും പാക് ക്യാപ്റ്റന് നേട്ടം; റൺവേട്ടയിൽ കോഹ്‌ലിയെ മറികടന്ന് ഒന്നാമത്

ഡാലസ്: ട്വന്റി20 ലോകകപ്പിൽ യു.എസിനെതിരെ സൂപ്പർ ഓവറിൽ പരാജയപ്പെട്ടെങ്കിലും റെക്കോഡ് പുസ്തകത്തിൽ പുതിയ കണക്കുകൾ ചേർത്ത് മുന്നേറുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം. അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം കഴിഞ്ഞ മത്സരത്തിൽ ബാബർ സ്വന്തം പേരിലാക്കി. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയെയാണ് ബാബർ മറികടന്നത്. 

യു.എസിനെതിരെ 43 പന്തിൽ 44 റൺസ് നേടിയതോടെ ട്വന്റി20യിൽ ബാബറിന്റെ ആകെ സമ്പാദ്യം 4067 റൺസായി. 113-ാം ഇന്നിങ്സിലാണ് പാക് ക്യാപ്റ്റൻ കോഹ്‌ലിയെ മറികടന്നത്. സ്ട്രൈക്ക് റേറ്റ്, ശരാശരി എന്നിവ യഥാക്രമം 129.77, 41.08 എന്നിങ്ങനെയാണ്. 110 ഇന്നിങ്സിൽ 4038 റൺസാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. ശരാശരി 51.11, സ്ട്രൈക്ക് റേറ്റ് - 137.95. തൊട്ടുപിന്നാലെയുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 4026 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

റൺവേട്ടക്കാരുടെ പട്ടികയിൽ പോൾ സ്റ്റിർലിങ്, മാർട്ടിൻ ഗപ്ടിൽ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരക്കിടെ, ക്യാപ്റ്റനെന്ന നിലയിൽ 2500 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടവും ബാബർ സ്വന്തമാക്കിയിരുന്നു. കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ജയം സ്വന്തമാക്കിയ ക്യാപ്റ്റനെന്ന റെക്കോഡും ബാബറിന്റെ പേരിലാണ്. ബാബർ നയിച്ച 81ൽ 46 മത്സരങ്ങളിലാണ് പാകിസ്താൻ ജയം സ്വന്തമാക്കിയത്.

Tags:    
News Summary - Babar Azam overtakes Virat Kohli as all-time leading T20I run-scorer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.