മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെറും രണ്ടു മത്സരങ്ങൾ കൊണ്ട് 'ബേബി എ.ബി' എന്ന പേര് സ്വന്തമാക്കിയ താരമാണ് ലഖ്നോ സൂപ്പർ ജയന്റ്സിന്റെ ആയുഷ് ബദോനി. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്ത് അടിച്ചുപറത്താനുള്ള ബദോനിയുടെ കെൽപ് കാരണമാണ് ഈ ചെല്ലപ്പേര് വീണുകിട്ടിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ബദോനിയടിച്ച ഒരു സിക്സിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സി.എസ്.കെക്കെതിരായ മത്സരത്തിൽ 19ാം ഓവറിൽ ശിവം ദുബെയെ രണ്ടുതവണ ബദോനി ഡീപ് മിഡ്‍വിക്കറ്റിൽ സിക്സർ പറത്തിയിരുന്നു. അതിൽ ഒരു സിക്സർ പതിച്ചത് ഒരു ആരാധികയുടെ തലയിലാണ്. 85 മീ. ദൂരം പാഞ്ഞ സിക്സ് കൈപ്പിടിയിലൊതുക്കാനായിരുന്നു പെൺകുട്ടിയുടെ ശ്രമം. പന്ത് തലയിലാണ് കൊണ്ടത്. എന്നാൽ പന്തുകൊണ്ട് പെൺകുട്ടിക്ക് സാരമായി പരിക്കേറ്റില്ല.
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അർധസെഞ്ച്വറി നേടിയ ബദോനി കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ 9 പന്തിൽ പുറത്താകാതെ 19 റൺസ് അടിച്ചിരുന്നു. എവിൻ ലൂയിസിനൊപ്പം (55 നോട്ടൗട്ട്) ചേർന്ന് 211 റൺസ് ലക്ഷ്യം മറികടന്ന് ടീമിനെ ആറുവിക്കറ്റ് വിജയത്തിക്ക് നയിക്കാനും ബദോനിക്കായി.
360 ഡിഗ്രി കളിക്കാരനായ ബദോനി ഇന്ത്യൻ വൈറ്റ്ബോൾ ക്രിക്കറ്റിന് മികച്ച മുതൽക്കൂട്ടാണെന്ന് എൽ.എസ്.ജി നായകൻ കെ.എൽ. രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.