കൊൽക്കത്ത: മോശം പെരുമാറ്റത്തെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണക്ക് ഐ.പി.എല്ലിലെ ഒരു മത്സരത്തിൽ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും. തിങ്കളാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ എതിർ താരം അഭിഷേക് പോറലിന് നേരെയുള്ള മോശം ആംഗ്യത്തെ തുടർന്നാണ് നടപടി. ഏഴാം ഓവർ എറിഞ്ഞ റാണയെ പോറൽ തുടർച്ചയായി മൂന്ന് തവണ അതിർത്തി കടത്തിയിരുന്നു. തന്റെ അടുത്ത ഓവറിൽ പോറലിന്റെ സ്റ്റമ്പ് പിഴുത ശേഷം കാണിച്ച ആംഗ്യമാണ് നടപടിക്കിടയാക്കിയത്.
ഐ.പി.എല്ലിൽ രണ്ടാം തവണയാണ് റാണക്ക് പിഴ ലഭിക്കുന്നത്. ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ എതിർ ബാറ്റർ മായങ്ക് അഗർവാളിനെ പുറത്താക്കിയ ശേഷം ഫ്ലയിങ് കിസ് യാത്രയയപ്പ് നൽകിയതിന് നേരത്തെ മാച്ച് ഫീയുടെ 60 ശതമാനമാണ് പിഴ ലഭിച്ചിരുന്നത്. അന്നത്തെ പെരുമാറ്റത്തിനെതിരെ ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‍കർ അടക്കം രംഗത്തുവന്നിരുന്നു. കൊൽക്കത്തക്കായി എട്ട് മത്സരങ്ങളിൽ ഇറങ്ങിയ ഹർഷിത് റാണ 11 വിക്കറ്റ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.