മത്സരത്തിനിടെ ബാറ്റർമാരെ തിരിച്ചുവിളിച്ചു; ഡൽഹി ക്യാപ്റ്റൻ പന്തിന് വൻ പിഴ, അസി. കോച്ചിന് വിലക്ക്

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരം ലെവൽ 2 കുറ്റമാണ് പന്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പന്തിന്റെ സഹതാരവും ഓൾറൗണ്ടറുമായ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തി.

കൂടാതെ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായ പ്രവീൺ ആംരെയ്ക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഒരു മത്സരത്തിൽനിന്ന് വിലക്കും ഏർപ്പെടുത്തി.

മത്സരത്തിന്റെ അവസാന ഓവറിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. ആറ് പന്ത് ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് ജയിക്കാൻ 36 റൺസ് വേണമായിരുന്നു. ഒബെദ് മക്കോയ് ആണ് പന്തെറിയാനെത്തിയത്. ക്രീസിലുണ്ടായിരുന്നത് വെസ്റ്റ് ഇൻഡീസി​ന്റെ തന്നെ റോവ്മാൻ പവലും.

ആദ്യ മൂന്ന് പന്തുകളിൽ മൂന്ന് ഗംഭീര സിക്സറുകൾ പറത്തി ഡൽഹി ക്യാമ്പിലേക്ക് പവൽ ഊർജം തിരികെ കൊണ്ടുവന്നു. അതേസമയം, സിക്‌സർ പറത്തിയ മൂന്നാം പന്ത് നിലംതൊടാതെ ബാറ്ററുടെ അരക്കെട്ടിന് മുകളിലൂടെയാണ് വന്നതെങ്കിലും അമ്പയർമാർ അത് ശ്രദ്ധിച്ചില്ല.

ഇതിൽ ക്ഷുഭിതനായ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് നോ ബോൾ ആവശ്യപ്പെട്ടു. അജിത് അഗാർക്കർ, ഷെയ്ൻ വാട്‌സൺ, പ്രവീൺ ആംരെ, ഷർദുൽ താക്കൂർ എന്നിവരടങ്ങിയ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പും നോ ബാൾ വിളിക്കാത്തതിൽ പ്രതിഷേധമുയർത്തി.

അമ്പയർ നോ ബാൾ വിളിക്കാത്തതിനാൽ ക്രീസിൽനിന്ന് ഡഗൗട്ടിലേക്ക് മടങ്ങാൻ പന്ത് റോവ്മാൻ പവലിനോടും കുൽദീപ് യാദവിനോടും ആവശ്യപ്പെട്ടു. ഡൽഹി ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംരെ ഓൺ ഫീൽഡ് അമ്പയർമാരോട് സംസാരിക്കാൻ മൈതാനത്തേക്ക് ഓടിയെങ്കിലും അവർ നോബോൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ സമയം കാണികളും 'നോ ബാൾ-നോ ബാൾ' എന്ന് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.

ഇതിനിടയിൽ കളി വീണ്ടും തുടർന്നു. നാലാം പന്തിൽ പവലിന് റൺസെന്നും എടുക്കാനായില്ല. അടുത്ത പന്തിൽ രണ്ട് റൺസ്. അവസാന പന്തിൽ പവൽ ഉയർത്തിയടിച്ചത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ കൈപിടിയിലൊതുക്കി മത്സരം സ്വന്തമാക്കി. 

പന്തിന്റെ പ്രവൃത്തിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഒരിക്കലും ഇങ്ങനെയൊന്ന് കാണാനാകില്ലെന്ന് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞു. 



Tags:    
News Summary - Batters recalled during match; Delhi captain fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.