ലണ്ടൻ: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് 50 വർഷത്തിന് ശേഷം ചരിത്ര വിജയം നേടിയതിന് പിന്നാലെ ഇന്ത്യയെ പുകഴ്ത്തി ഷെയിൻ വോൺ. ലോകത്തെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്ന് വോൺ കമന്‍റ് ചെയ്തു. എന്നാൽ അങ്ങനെയല്ലെന്ന് മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോൺ വാദമുയർത്തി.
''അഭിന്ദനങ്ങൾ. വിസ്മയ ജയം നേടിയ വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങൾ. കഴിഞ്ഞ 12 മാസത്തിനുള്ളിൽ നിങ്ങൾ നേടിയത് അദ്ഭുതകരമാണ്. ഉറപ്പായും നിങ്ങളാണ് ലോകത്തെ ഏറ്റവും മികച്ച ടീം. നിങ്ങൾ ആ കിരീടം അർഹിച്ചിരുന്നു (ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്). ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴട്ടെ'' - ഷെയിൻ വോൺ ട്വീറ്റ് ചെയ്തു.
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ നാടകീയ വിജയവുമായി ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു. നേരിയ വിജയസാധ്യത കണ്ടാൽ പിന്നെ സടകുടഞ്ഞ് എണീറ്റ് മത്സരം വരുതിയിലാക്കുന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം രംഗത്തെത്തിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലെന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി മത്സരശേഷം അഭിപ്രായപ്പെട്ടത്. സമീപകാലത്തെ മത്സരഫലങ്ങൾ എന്തൊക്കെ ആയാലും ഇന്ത്യൻ ടീം ഒന്നാമതല്ലെന്നാണ് മുൻ ഇംഗ്ലണ്ട് നായകനും കമേന്ററ്ററുമായ മൈക്കൽ വോണിന്‍റെ അഭിപ്രായം.
'മികച്ച പ്രകടനം...വൈദഗ്ധ്യമാണ് വ്യത്യാസം, എന്നാൽ ഏറ്റവും വലിയ വ്യത്യാസം സമ്മർദത്തെ അതിജീവിക്കാനുള്ള ശക്തിയാണ്...ഇന്ത്യൻ ക്രിക്കറ്റ് മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ്'-ഗാംഗുലി ട്വീറ്റ് ചെയ്തു. ഗാംഗുലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത വോൺ ടെസ്റ്റിൽ അങ്ങനെയാണെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ അല്ലെന്ന് എഴുതി. വൈറ്റ് ബാൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടാണ് മികച്ച ടീമെന്നാണ് വോൺ പരോക്ഷമായി ഉദ്ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.