കൊളംബോ: ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ സിക്സ് പോരാട്ടത്തിനിടെ സമൂഹ മാധ്യമമായ എക്സിൽ (ട്വിറ്റർ) ട്രെൻഡിങ്ങായി ‘ഭാരത്-പാകിസ്താൻ’. ‘ഇന്ത്യ’യുടെ പേരുമാറ്റ ചർച്ചക്കിടെയാണ് ‘ഭാരതം’ സമൂഹ മാധ്യമത്തിലും ഒരു വിഭാഗം വ്യാപകമായി ഉപയോഗിക്കുന്നത്. INDക്ക് പകരം പലരും BHA എന്ന് ഹാഷ്ടാഗായി ഉപയോഗിക്കുന്നുമുണ്ട്.
ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർമാരിലൊരാളായ സുനിൽ ഗവാസ്‌കറും വിരേന്ദർ സെവാഗുമെല്ലാം അടുത്തിടെ ഇന്ത്യ-ഭാരത് സംവാദത്തിൽ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്ത് പേര് വിളിച്ചാലും അത് ഔദ്യോഗിക തലത്തിൽ തന്നെ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട ഗവാസ്കർ, യഥാർഥ പേര് 'ഭാരത്' തന്നെയാണെന്ന് സമ്മതിക്കുകയും എന്നാൽ മാറ്റം വരുത്തുകയാണെങ്കിൽ എല്ലാത്തിലും കൊണ്ടുവരണമെന്ന് പറയുകയും ചെയ്തിരുന്നു.
ഏകദിന ലോകകപ്പിൽ ടീം ഇന്ത്യ ‘ഭാരത്’ എന്നെഴുതിയ ജഴ്സി ധരിക്കണമെന്നായിരുന്നു മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടത്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ഭാരത് എന്ന നമ്മുടെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നത് വൈകിയിരിക്കുന്നെന്നും ഇക്കാര്യം ബി.സി.സി.ഐ പരിഗണിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മറ്റു പല രാഷ്ട്രങ്ങളും പഴയ പേരുകളിലേക്ക് തിരികെപ്പോയിട്ടുണ്ടെന്ന് സെവാഗ് പറയുന്നു. 1996ൽ നെതർലൻഡ്സ് ലോകകപ്പ് കളിക്കാനെത്തിയത് ഹോളണ്ട് എന്ന പേരിലാണ്. 2003ൽ നമ്മൾ അവരെ നേരിട്ടപ്പോൾ അവർ നെതര്‍ലൻഡ്സായിരുന്നു, അത് ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ ബർമ എന്ന പേരിൽനിന്ന് മ്യാൻമർ പഴയ പേരിലേക്ക് മടങ്ങി. മറ്റുപലരും ഇങ്ങനെ ശരിയായ പേരിലേക്ക് മടങ്ങിയിട്ടുണ്ടെന്നും സെവാഗ് വ്യക്തമാക്കി.
ഏഷ്യാ കപ്പിലെ ആവേശപ്പോരിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും അർധസെഞ്ച്വറികളുടെ മികവിൽ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലിരിക്കെ മഴ എത്തുകയും മത്സരം താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു. രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസും നേടി പുറത്തായി. 17 റൺസുമായി കെ.എൽ രാഹുലും എട്ട് റൺസുമായി വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.