ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു ടെസ്റ്റുകളിൽ ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. മാതാവിന്റെ ചികിത്സാർഥം നാട്ടിലേക്കു മടങ്ങിയ നായകൻ പാറ്റ് കമിൻസിന്റെ തിരിച്ചുവരവ് വൈകുമെന്നതിനാലാണ് നായകപ്പട്ടം തത്കാലം കൈമാറുന്നത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ടും ജയിച്ച് ഇന്ത്യ മുന്നിലാണ്. സുഖമില്ലാത്ത മാതാവ് പാലിയേറ്റീവ് കെയറിലായതിനാൽ മടങ്ങൽ ഉടനുണ്ടാകില്ലെന്ന് താരം അറിയിച്ചു. മൂന്നാം ടെസ്റ്റു കഴിഞ്ഞ് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരവും ടീം ആസ്ട്രേലിയയും.
പരിക്കുമായി മല്ലിടുന്ന ഫാസ്റ്റ് ബൗളർ ജോഷ് ഹേസ്ൽവുഡ് നേരത്തെ മടങ്ങിയിട്ടുണ്ട്. ഓപണർ ഡേവിഡ് വാർണറും നാട്ടിലാണ്. ഒരു കളിയിൽ പോലും ഇറങ്ങാത്ത ആഷ്ടൺ ആഗർ നാട്ടിൽ ക്രിക്കറ്റ് കളിക്കാനായി തിരിച്ചുപോയിട്ടുണ്ട്. ആഭ്യന്തര ലീഗിൽ വെസ്റ്റേൺ ആസ്ട്രേലിയക്കായാണ് ആഗർ ഇറങ്ങുക. പരിക്കുള്ള മാറ്റ് റെൻഷോ, മിച്ചൽ സ്വെപ്സൺ എന്നിവരും ടീമിനോടൊപ്പമില്ല.
അതേ സമയം, പരിക്കിനെ തുടർന്ന് ആദ്യ രണ്ടു ടെസ്റ്റിലും ഇറങ്ങാത്ത ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മിച്ചൽ സ്റ്റാർകും ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒരു ടെസ്റ്റ് കൂടി ജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനാകും. മാർച്ച് ഒന്നുമുതലാണ് മൂന്നാം ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.