മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) പുതിയ സീസണിൽ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയതിൽ വിശദീകരണവുമായി എത്തിയ പരിശീലകൻ മാർക്ക് ബൗച്ചറിന് മറുപടിയുമായി രോഹിത്തിന്റെ ഭാര്യ റിതിക സജ്ദേഹ്. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിലൂടെ അദ്ദേഹത്തിന്റെ സമ്മര്‍ദം കുറക്കാനാകുമെന്നും ഇതുവഴി ടീമിന്റെ ഓപണർ കൂടിയായ താരത്തിന് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനാവുമെന്നുമായിരുന്നു ബൗച്ചർ സ്മാഷ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികച്ചതാണെന്ന് തെളിഞ്ഞതാണെന്നും ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കാൻ ആളുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് ആരാധകർ വൈകാരികമായാണ് കണ്ടത്. എന്നാൽ, ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കാൻ ആളുകൾ തയാറാകണം. താരകൈമാറ്റത്തിലൂടെ ഹാർദിക്കിനെ ടീമിൽ എത്തിച്ചത് നമ്മള്‍ കണ്ടതാണ്. മുംബൈ ഇന്ത്യൻസിൽ ഇപ്പോൾ മാറ്റത്തിന്റെ സമയമാണ്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിലൂടെ ഒരു വ്യക്തി എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും രോഹിത്തിന് ഗുണമേ ഉണ്ടാകൂ. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനും കൂടുതൽ റൺസ് നേടാനും അദ്ദേഹത്തിന് കഴിയും. ഓപണര്‍ എന്ന രീതിയില്‍ രോഹിത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം ടീമിന് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുംബൈയെ എറെക്കാലം നയിച്ച രോഹിത് ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ, ബാറ്റിങ്ങിൽ കഴിഞ്ഞ ഏതാനും സീസണിൽ അദ്ദേഹത്തിന് കാര്യമായി തിളങ്ങാനായില്ല. ക്യാപ്റ്റന്‍റെ അധികഭാരമില്ലാതെ രോഹിത്തിന് സ്വതന്ത്രമായി കളിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ചിരിക്കുന്ന മുഖത്തോടെ രോഹിത് കളിക്കുന്നത് കാണാനാണ് താല്‍പര്യം. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറിയ താരം ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തി. രണ്ടാം വര്‍ഷം റണ്ണറപ്പായി. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികച്ചതാണെന്ന് ഇത് തെളിയിക്കുന്നു’ –എന്നിങ്ങനെയായിരുന്നു ബൗച്ചർ പറഞ്ഞത്.
എന്നാൽ, ബൗച്ചർ പറഞ്ഞ കാര്യങ്ങളിൽ പലതും തെറ്റാണെന്നാണ് രോഹിതിന്റെ ഭാര്യ റിതിക സ്മാഷ് സ്പോര്‍ട്സിന്‍റെ ഇന്‍സ്റ്റഗ്രാം പേജിൽ ബൗച്ചറിന്‍റെ വിഡിയോക്ക് താഴെ കമന്റിട്ടത്. ബൗച്ചറിന്‍റെ അഭിപ്രായവും റിതികയുടെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ വ്യാപക ചര്‍ച്ചയാണിപ്പോൾ.
ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ ഡിസംബറിൽ നടന്ന താരലേലത്തെ തുടർന്നാണ് മുംബൈ ടീമിലെത്തിച്ചത്. രോഹിത്തിനെ മാറ്റി അപ്രതീക്ഷിതമായി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതോടെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പേർ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്യുകയും ചെയ്തു. എന്നാൽ തീരുമാനം മാറ്റാൻ ടീം അധികൃതർ തയാറായില്ല. 2013ൽ മുംബൈയുടെ ക്യാപ്റ്റനായ രോഹിത് ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. 2023ൽ 16 മത്സരങ്ങളിൽ 332 റൺസ് നേടിയ രോഹിത് 2022ൽ 14 മത്സരങ്ങളിൽ 268 റൺസാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.