'ലോകത്തെ ഏറ്റവും മികച്ച കാറുണ്ടായിട്ടും ഗ്യാരേജിൽ വെച്ചിട്ടെന്തു കാര്യം'; ഇന്ത്യൻ ട്വന്റി 20 ടീം സെലക്ഷനെ പരിഹസിച്ച് ബ്രെറ്റ് ലീ

യുവ പേസർ ഉമ്രാൻ മാലികിനെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെ പരിഹസിച്ച് ആസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. ലോകത്തെ ഏറ്റവും മികച്ച കാറുണ്ടായിട്ടും അത് ഗ്യാരേജിൽ വെച്ചിട്ടെന്ത് കാര്യമെന്ന് അദ്ദേഹം പരിഹസിച്ചു. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ ബ്രെറ്റ് ലീ.

'മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ ബൗൾ ചെയ്യുന്ന താരമാണ് ഉമ്രാൻ മാലിക്. ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ട് അത് ഗ്യാരേജിൽ വെച്ചിരുന്നാൽ അതുകൊണ്ടെന്തു കാര്യം. ലോകകപ്പ് ടീമിൽ ഉമ്രാൻ മാലികിനെ കൂടി ഉൾപ്പെടുത്തണം. 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നവരും 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. പ്രത്യേകിച്ച് ആസ്‌ട്രേലിയൻ പിച്ചുകളില്‍. ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത് തിരിച്ചടിയാണ്. ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് അത് ആഘാതമേൽപ്പിക്കുന്നു. അവർക്കത് നേടാനാകില്ല എന്നല്ല ഞാൻ പറയുന്നത്. വിസ്മയകരമായ സംഘമാണ് ഇന്ത്യയുടേത്. എന്നാൽ, ബുംറ കൂടി ഉണ്ടായിരുന്നെങ്കില്‍ അവർ കൂടുതൽ കരുത്തരായേനെ. ഇപ്പോൾ ഭുവനേശ്വർ കുമാറിനെ പോലുള്ളവർക്ക് കൂടുതൽ സമ്മർദം ഉണ്ടാകുന്ന സാഹചര്യമാണ് -ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായി ഉമ്രാൻ മാലിക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും വിസ പ്രശ്‌നങ്ങൾ കാരണം ആസ്‌ട്രേലിയയിലേക്ക് പോകാനായിട്ടില്ല. പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ബൗളിങ്ങിനെ കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലീയുടെ പ്രതികരണം. ബുംറക്ക് പകരം റിസര്‍വ് സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് ഷമി ടീമിലെത്തിയേക്കും. പേസർമാരായ മുഹമ്മദ് സിറാജിനെയും ഷാർദുൽ ഠാക്കൂറിനെയും റിസർവ് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Brett lee mocks India's Twenty 20 team selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.