ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ ബാറ്റർമാരിൽ ഒരാളാണ് വെസ്റ്റിൻഡീസ് മുൻ നായകൻ ബ്രയാൻ ലാറ. ടെസ്റ്റിലും (400 റൺസ്), ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും (501 നോട്ടൗട്ട്) ഒരു ഇന്നിങ്സിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോഡ് ഇപ്പോഴും ട്രിനിഡാഡിന്‍റെ രാജാവ് എന്നറിയപ്പെടുന്ന ലാറയുടെ പേരിൽ തന്നെയാണ്.
എന്നാൽ, ഈ റെക്കോഡുകൾ മറികടക്കാൻ കഴിവുള്ള ഒരു സൂപ്പർതാരം ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലുണ്ടെന്ന് ലാറ പറയുന്നു. തന്‍റെ പിൻഗാമിയായി, ഈ താരമായിരിക്കും വരുംവർഷങ്ങളിൽ ക്രിക്കറ്റ് ലോകം ഭരിക്കുകയെന്നും മുൻ വിൻഡീസ് ഇതിഹാസം പറഞ്ഞുവെക്കുന്നു. അത് വിരാട് കോഹ്ലിയോ, രോഹിത് ശർമയോ അല്ല. ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഇന്ത്യയിൽനിന്ന് തന്‍റെ പിൻഗാമിയായി വളർന്നുവരുന്ന സൂപ്പർ ബാറ്ററെന്ന് ലാറ പ്രവചിക്കുന്നു.
‘എന്‍റെ രണ്ടു ലോക റെക്കോഡുകളും ശുഭ്മൻ ഗിൽ മറികടക്കും. പുതിയ തലമുറയിലെ ഏറ്റവും കഴിവുള്ള ബാറ്ററാണ് ഗിൽ. വരുംവർഷങ്ങളിൽ അദ്ദേഹമാണ് ക്രിക്കറ്റ് ഭരിക്കുക. നിരവധി അപൂർവ റെക്കോഡുകൾ അദ്ദേഹം മറികടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’ -ലാറ പറഞ്ഞു. 2019ലാണ് ഗിൽ ഇന്ത്യൻ ടീമിലെത്തുന്നത്. 2023ൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം ഗിൽ സ്വന്തമാക്കി. 1584 റൺസാണ് കലണ്ടർ വർഷം താരം നേടിയത്. രണ്ടാമതുള്ള കോഹ്ലിയുടെ സമ്പാദ്യം 1377 റൺസും.
ഗില്ലിന് തന്‍റെ റെക്കോഡുകൾ മറികടക്കാനാകും. ലോകകപ്പിൽ സെഞ്ച്വറി നേടാനായില്ലെങ്കിലും അദ്ദേഹം കളിച്ച മത്സരങ്ങളിലെ പ്രകടനം നോക്കു. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടി. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി കുറിച്ചു, ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ തന്‍റെ 501 നോട്ടൗട്ട് റെക്കോഡ് മറികടക്കാനാകും. ടെസ്റ്റിൽ ഉറപ്പായും ഒരു ഇന്നിങ്സിൽ 400 റൺസിനപ്പുറം നേടാനാകും. എഴുതിവെച്ചോളു, ശുഭ്മൻ ഗിൽ വലിയ സ്കോറുകൾ നേടുമെന്നും ലാറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.