ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയൻ ലാറ. ക്രിക്കറ്റിനോടുള്ള കോഹ്‌ലിയുടെ പ്രതിബദ്ധതയും അർപ്പണബോധവും ചൂണ്ടിക്കാട്ടിയാണ് ലാറയുടെ പ്രശംസ.
ഏതെങ്കിലും കായിക ഇനത്തിൽ തന്‍റെ മകൻ സജീവമാകുകയാണെങ്കിൽ, അവനെ പ്രചോദിപ്പിക്കാൻ കോഹ്‌ലിയെ മാതൃകയാക്കണമെന്ന് പറയുമെന്ന് ലാറ അഭിപ്രായപ്പെട്ടു. കൊൽക്കത്തയിൽ ടൈഗർ പട്ടൗഡി മെമോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു മുൻ വിൻഡീസ് താരം. ഇന്ത്യ ആതിഥേയരായ ലോകകപ്പിലെ കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനം ലാറയെ അദ്ഭുതപ്പെടുത്തി. ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്‍റിലെ താരവും റൺവേട്ടക്കാരിൽ ഒന്നാമനുമായിരുന്നു കോഹ്‌ലി.
‘എനിക്ക് ഒരു മകനുണ്ട്, അവൻ ഏതെങ്കിലും കായിക ഇനത്തിൽ സജീവമാകുകയാണെങ്കിൽ, കോഹ്‌ലിയുടെ പ്രതിബദ്ധതയും അർപ്പണബോധവും അവനെ പ്രചോദിപ്പിക്കാൻ മാത്രമല്ല, ഒരു നമ്പർ വൺ കായിക താരമാകാനും ഞാൻ ഉപയോഗിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും’ -ലാറ പറഞ്ഞു. ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടതിനാൽ പലരും കോഹ്‌ലിയുടെ സംഭാവന കാര്യമായെടുക്കണമെന്നില്ല, ടീം ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങളും ഏറെ നിർണായകമാണെന്ന് ലാറ കൂട്ടിച്ചേർത്തു.
ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടതിനാൽ കോഹ്‌ലിയുടെ പ്രകടനം ഒരു വിഷയമല്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, ഓരോ മത്സരങ്ങളിലും കോഹ്‌ലി ഉണ്ടാക്കുന്ന സ്വാധീനം ഏറെ വലുതാണെന്നും ലാറ കൂട്ടിച്ചേർത്തു. ലോകകപ്പിൽ 11 മത്സരങ്ങളിൽനിന്നായി 765 റൺസാണ് താരം നേടിയത്. 95.62 ആണ് താരത്തിന്‍റെ ശരാശരി. കൂടാതെ, നിരവധി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി.
ക്രിക്കറ്റ് ഇതിഹാസം സചിനെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (50) നേടിയ താരമായി കോഹ്‌ലി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും കോഹ്‌ലിയുടെ പേരിലാണ്. സചിനെയാണ് ഇവിടെയും താരം പിന്നിലാക്കിയത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50 പ്ലസ് റൺസ് നേടുന്ന താരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.