കണ്ണുകടി അല്ലാതെന്തു പറയാന്‍! കോഹ്ലിയെ സ്വാർഥനെന്ന് വിളിക്കുന്നവർക്ക് മറുപടിയുമായി ലാറ

ഇന്ത്യക്ക് കിരീടം നേടാനായില്ലെങ്കിലും സൂപ്പർബാറ്റർ കോഹ്ലിയുടെ ലോകകപ്പാണ് കഴിഞ്ഞുപോയത്. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഒരു പതിപ്പിൽ 700 റൺസിലധികം നേടുന്ന ആദ്യ താരമായി മുൻ ഇന്ത്യൻ നായകൻ.

11 മത്സരങ്ങളിൽനിന്നായി 95.62 ശരാശരിയിൽ 765 റൺസാണ് താരം നേടിയത്. മൂന്നു സെഞ്ച്വറിയും ആറു അർധ സെഞ്ച്വറിയും ഉൾപ്പെടെയാണിത്. എന്നാൽ, താരത്തിന്‍റെ ബാറ്റിങ്ങിൽ മുൻ പാകിസ്താൻ നായകൻ മുഹമ്മദ് ഹഫീസ് ഉൾപ്പെടെയുള്ളവർ തൃപ്തരായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയതിനു പിന്നാലെ സ്വാർഥനെന്നാണ് കോഹ്ലിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ‘ക്ലോഹി ബാറ്റിങ്ങിൽ സ്വാർഥനായിരുന്നു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് സംഭവിക്കുന്നത്. 49ാം ഓവറിൽ, സെഞ്ച്വറി നേട്ടത്തിനായി സിംഗിൾ എടുക്കാൻ നോക്കി, ടീം സ്കോർ ഉയർത്തുന്നതായിരുന്നില്ല താരത്തിന്‍റെ ലക്ഷ്യം’ -ഹഫീസ് പ്രതികരിച്ചിരുന്നു.

എന്നാൽ, കോഹ്ലിയെ സ്വാർഥനെന്ന് വിളിക്കുന്നവർക്ക് മുൻ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ തക്കതായ മറുപടി നൽകിയിരിക്കുകയാണ്. കോഹ്ലിയോടുള്ള അസൂയ ഒന്നുകൊണ്ടു മാത്രമാണ് അവരെല്ലാം ഇത്തരം പരാമർശം നടത്തുന്നതെന്ന് ലാറ പറയുന്നു. ‘ഇതൊക്കെ പറയുന്നവർക്ക് അവനോട് കടുത്ത അസൂയയാണ്. എന്റെ കരിയറിൽ ഞാനും ഇത് നേരിട്ടിട്ടുണ്ട്. നമ്മൾ നേടിയ റൺസിലുള്ള കണ്ണുകടിയാണ്, ചിലര്‍ക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ല’ -ലാറ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

35കാരനായ കോഹ്ലി ഇപ്പോഴും ഫിറ്റാണെങ്കിലും സചിന്‍റെ 100 സെഞ്ച്വറികളെന്ന റെക്കോഡ് മറികടക്കുന്നത് കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണെന്നും ലാറ പ്രതികരിച്ചു. കോഹ്ലിക്ക് ഇപ്പോൾ 35 വയസ്സാണ്. 80 സെഞ്ച്വറികളുള്ള താരത്തിന് സചിന്‍റെ റെക്കോഡിലെത്താൻ ഇനിയും 20 സെഞ്ച്വറികൾ കൂടി വേണം. ഓരോ വർഷവും അഞ്ചു സെഞ്ച്വറികൾ നേടുകയാണെങ്കിൽ പോലും നാലുവർഷമെടുക്കും. അപ്പോൾ 39 വയസ്സുമാകും. ലക്ഷ്യം ഏറെ ശ്രമകരമാണെന്നും ലാറ കൂട്ടിച്ചേർത്തു.

Tags:    
News Summary - Brian Lara Slams Those Calling Virat Kohli 'Selfish'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.