സിറാജ് കൊടുങ്കാറ്റിൽ കടപുഴകിയത് ഒരുപിടി റെക്കോഡുകൾ

കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റിൽ കടപുഴകിയത് ഒരുപിടി റെക്കോഡുകൾ. ഏഴോവറിൽ 21 റൺസ് മാത്രം വിട്ടുനൽകി ആറുവിക്കറ്റ് പിഴുത സിറാജിന്റെ അസാമാന്യ ബൗളിങ്ങിന് മുന്നിൽ മുട്ടിടിച്ച ലങ്ക കേവലം 50 റൺസിനാണ് ആൾഔട്ടായത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ ഒരു ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ശ്രീലങ്ക പുറത്തായത്. ഇന്ത്യക്ക് ഇതൊരു പകരം വീട്ടല്‍ കൂടിയാണ്. ഇത്രയും കാലം ഇന്ത്യയുടെ പേരിലായിരുന്നു നാണക്കേടിന്റെ ഈ റെക്കോഡ്, അതും ശ്രീലങ്കക്കെതിരായ മത്സരത്തില്‍. 2000ത്തിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ഷാര്‍ജ വേദിയായപ്പോൾ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 299 റൺസ്. എന്നാൽ, മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 26.3 ഓവറില്‍ 54ന് പുറത്താവുകയായിരുന്നു.

ഒരോവറിൽ നാലു വിക്കറ്റ് പിഴുത് ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടമാണ് സിറാജ് സ്വന്തം പേരിൽ ചേർത്തത്. മൂന്നോവറിൽ അഞ്ചു റൺസിന് അഞ്ചു വിക്കറ്റെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ സിറാജിന്റെ ബൗളിങ് കണക്കുകൾ. ഇതിൽ നാലും നാലാം ഓവറിൽ. സിറാജിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീണു. ലെങ്ത് ബാളിന് ബാറ്റുവെച്ച നിസ്സങ്കയെ ജദേജ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയയക്കുകയായിരുന്നു. രണ്ടാം പന്ത് നേരിട്ട സമരവിക്രമക്ക് റൺസ് നേടാനായില്ല. തൊട്ടടുത്ത പന്തിൽ താരത്തെ സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. റിവ്യൂ അപ്പീലിലും ലങ്കക്ക് ആശ്വസിക്കാൻ വകയുണ്ടായില്ല. പിന്നെയെത്തിയത് ചരിത് അസലങ്ക. കവറിലേക്കുള്ള ഷോട്ട് ഇഷാൻ കിഷന്റെ കൈയിൽ വിശ്രമിച്ചു. ഇതോടെ ഹാട്രിക്കിന്റെ വക്കിലായി സിറാജ്. എന്നാൽ, ശേഷമെത്തിയ ധനഞ്ജയ ഡിസിൽവ ഫോറടിച്ചാണ് തുടങ്ങിയത്. ആ വീര്യം ആവർത്തിക്കാൻ ഇന്ത്യൻ പേസർ അനുവദിച്ചില്ല. അടുത്ത പന്തിൽ ഡിസിൽവയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റിന് പിന്നിൽ രാഹുലിന്റെ ഗ്ലൗസിൽ വിശ്രമിച്ചു. ഇതോടെ സംഭവ ബഹുലമായ ഓവറിന് അവസാനമായി. ഈ സമയം അഞ്ചിന് 12 റൺസ് എന്ന ദയനീയ സ്ഥിതിയിലായിരുന്നു ശ്രീലങ്ക. ഒരോവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന വി​ശേഷണം സ്വന്തമാക്കിയ സിറാജ് കേവലം പത്തു പന്തുകൾക്കിടെയാണ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. ആറാം ഓവറിലെ നാലാംപന്തിൽ ക്യാപ്റ്റൻ ദസുൻ ഷനകയെ റണ്ണെടുക്കുംമുമ്പെ ക്ലീൻ ബൗൾഡാക്കി അഞ്ചു വിക്കറ്റ് തികച്ച സിറാജ്, വിക്കറ്റുകൾ കൊഴിയുമ്പോഴും ഒരു വശത്ത് പിടിച്ചുനിന്ന കുശാൽ മെൻഡിസിനെ (17) ക്ലീൻ ബൗൾഡാക്കിയാണ് ആറ് വിക്കറ്റ് നേട്ടത്തിലെത്തിയത്.

ഇതോടെ ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി സിറാജ്. അനില്‍ കുംബ്ലെക്ക് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയായി സിറാജ്. 1993ല്‍ സി.എ.ബി ജൂബിലി ടൂര്‍ണമെന്റ് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരെ കുംബ്ലെ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏകദിന കരിയറില്‍ സിറാജിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. ഏകദിനത്തില്‍ ലങ്കയ്ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സിറാജിന്റെ പേരിലായി. 1990ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനം കൂടിയാണ് സിറാജിന്റേത്.

ഇതോടൊപ്പം ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും ഇന്ത്യൻ പേസർ പിന്നിട്ടു. 29ാം ഏകദിനത്തിലാണ് സിറാജിന്റെ നേട്ടം. കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് സിറാജ്. അതോടൊപ്പം ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റുകള്‍ തികക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. 847 പന്തുകളില്‍നിന്ന് 50 വിക്കറ്റുകള്‍ തികച്ച മുന്‍ ലങ്കന്‍ താരം അജന്ത മെന്‍ഡിസിന്റെ പേരിലാണ് റെക്കോഡ്. 1002 പന്തുകളില്‍ 50 വിക്കറ്റുകള്‍ തികച്ച സിറാജ് രണ്ടാമതായി.

അഞ്ചുപേരാണ് ലങ്കൻ നിരയിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ടീമും കൂടി നേടിയ ഏറ്റവും കുറഞ്ഞ സ്കോറാണ് (101) ഇന്ന് പിറന്നത്. ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോർ കൂടിയാണിത്. ഒമ്പത് വര്‍ഷം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്‌വെ 65ന് പുറത്തായതായിരുന്നു രണ്ടാമത്.

സിറാജിന് പുറമെ ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റെടുത്തതോടെ 15.2 ഓവറിൽ വെറും 50 റൺസിനാണ് ശ്രീലങ്കൻ ബാറ്റർമാർ കൂടാരം കയറിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപണർമാർ അടിച്ചു പരത്തുക കൂടി ചെയ്തതോടെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം എട്ടാം തവണയും ഇന്ത്യക്ക്. വെറും ആറോവറിലാണ് ഇന്ത്യ ലങ്കാദഹനം പൂർത്തിയാക്കിയത്. ശുഭ്മൻ ഗില്ലും രോഹിത് ശർമക്ക് പകരം ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച ഇഷാൻ കിഷനും ചേർന്നാണ് ലങ്കൻ ബൗളിങ്ങിനെ നിലംതൊടാതെ പറത്തിവിട്ടത്. ഗിൽ 19 പന്തിൽ ആറ് ഫോർ സഹിതം 27 റൺസുമായും കിഷൻ 18 പന്തിൽ മൂന്ന് ഫോർ സഹിതം 23 റൺസും നേടി പുറത്താകാതെ നിന്നു. 

Tags:    
News Summary - Bundle of records were broken by the Siraj storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.