കൊൽക്കത്ത: വിരാട് കോഹ്‍ലിയുടെ 49ാം ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ടീം അടിച്ചെടുത്തത്. കോഹ്‍ലി 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ 77 റൺസുമായി ശ്രേയസ് അയ്യർ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ രവീന്ദ്ര ജദേജയുടെ വെടിക്കെട്ടാണ് ഇന്ത്യയെ 325 കടത്തിയത്. ജദേജ 15 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 29 റൺസെടുത്ത് പുറത്താവാതെനിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ-ശുഭ്മൻ ഗിൽ ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ പിടികൂടുകയായിരുന്നു. 24 പന്തിൽ രണ്ട് സിക്സും ആറ് ഫോറുമടക്കം 40 റൺസായിരുന്നു നായകന്റെ സംഭാവന. സ്കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്ത് താരത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ബെയിൽസ് ഇളക്കുകയായിരുന്നു. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.
തുടർന്നെത്തിയ ശ്രേയസ് അയ്യരും കോഹ്‍ലിയും ചേർന്ന് സ്കോർ മുന്നോട്ട് നയിക്കുകയായിരുന്നു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ് എൻഗിഡിയുടെ പന്തിൽ മർക്രാം പിടിച്ച് പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 പന്തിൽ 134 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. കെ.എൽ രാഹുൽ എട്ട് റൺസുമായും സൂര്യകുമാർ യാദവ് 22 റൺസുമായും മടങ്ങി. ദക്ഷിണാഫ്രിക്കൻ നിരയിൽ ലുങ്കി എൻഗിഡി, മാർകോ ജാൻസൻ, കഗിസൊ റബാദ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഏകദിന സെഞ്ച്വറികളുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി 35ാം ജന്മദിനം ആഘോഷമാക്കുകയായിരുന്നു. 49ാം സെഞ്ച്വറിയാണ് കോഹ്‍ലി ദക്ഷിണാഫ്രിക്കക്കെതിരെ അടിച്ചെടുത്തത്. ഇതിഹാസ താരം സചിൻ തെണ്ടുൽകറുടെ റെക്കോഡിനൊപ്പമാണ് താരം എത്തിയത്. 452 ഇന്നിങ്സുകളിലാണ് (463 മത്സരം) സചിൻ ഇത്രയും സെഞ്ച്വറിയടിച്ചതെങ്കിൽ കോഹ്‍ലിക്ക് വേണ്ടിവന്നത് 277 ഇന്നിങ്സുകളാണ്. അതേസമയം, അർധസെഞ്ച്വറികളിൽ സചിൻ ഏറെ മുന്നിലാണ്. സചിൻ 96 അർധസെഞ്ച്വറി നേടിയപ്പോൾ കോഹ്‍ലിയുടെ സമ്പാദ്യം 71 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.