‘ചതിയൻ ഫോക്സ്’; ജയ്സ്വാളിന്റെ ‘ക്യാച്ച്’ ആഘോഷിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പർക്കെതിരെ രൂക്ഷവിമർശനം

റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ യശസ്വി ജയ്സ്വാളിന്റെ ‘ക്യാച്ചി’നെ ചൊല്ലി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനവുമായി ക്രിക്കറ്റ് ആരാധകർ. ഇംഗ്ലീഷ് ടീമിന്റെ സ്​പോർട്സ്മാൻ സ്പിരിറ്റിനെ ചോദ്യം ചെയ്തും പലരും രംഗത്തെത്തി.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 353 റൺസിന് മറുപടിയായി ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോൾ 20ാം ഓവറിന്റെ അവസാന പന്തിലായിരുന്നു വിവാദ ‘ക്യാച്ച്’. ഒലീ റോബിൻസൻ എറിഞ്ഞ ഓവറിൽ യുവതാരം യശസ്വി ജയ്സ്വാളിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ ഗ്ലൗസിലെത്തി. ഫോക്സ് ആഘോഷം തുടങ്ങിയെങ്കിലും പന്ത് നിലത്ത്കുത്തിയ ശേഷമാണ് ഗ്ലൗസിലെത്തിയതെന്ന് മനസ്സിലാക്കിയ അമ്പയർ ഔട്ട് വിളിച്ചില്ല. തീരുമാനം തേർഡ് അമ്പയർക്ക് വിട്ടതോടെ റിവ്യൂവിൽ അമ്പയറുടെ തീരുമാനം ശരിയാണെന്ന് വ്യക്തമാകുകയും ചെയ്തു. ഇതോടെ തേർഡ് അമ്പയർ ജോയൽ വിൽസൻ നോട്ടൗട്ട് വിധി​ച്ചു.

അവസാനം 73 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. ശുഐബ് ബഷീറിന്റെ പന്തിൽ സ്റ്റമ്പ് തെറിച്ചായിരുന്നു മടക്കം. 67 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി ധ്രുവ് ജുറേലും 16 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.

Tags:    
News Summary - 'Cheater Foakes'; Jaiswal's catch was heavily criticized against the wicketkeeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.