രാജസ്ഥാനെ പിടിച്ചുകെട്ടി ചെന്നൈ ബൗളർമാർ; നിരാശപ്പെടുത്തി സഞ്ജു

ചെന്നൈ: ഐ.പി.എല്ലിലെ നിർണായക പോരിൽ രാജസ്ഥാൻ റോയൽസ് ബാറ്റിങ് നിരയെ പിടി​ച്ചുകെട്ടി ചെന്നൈ സൂപ്പർ കിങ്സ് ബൗളർമാർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് എടുക്കാനായത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്ത് നേരിട്ട് 15 റൺസ് മാത്രമെടുത്ത് മടങ്ങി. ഒരൊറ്റ ഫോറോ സിക്സോ നേടാനാവാതിരുന്ന സഞ്ജുവിനെ സിമർജീത്ത് സിങിന്റെ പന്തിൽ ഋതുരാജ് ഗെയ്ക്‍വാദ് പിടികൂടുകയായിരുന്നു. 35 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 47 റൺസെടുത്ത് പുറത്താകാതെനിന്ന റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

രാജസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ യശസ്വി ജയ്സ്വാളും (21 പന്തിൽ 24), ജോസ് ബട്‍ലറും ചേർന്ന് (25 പന്തിൽ 21) ആദ്യ വിക്കറ്റിൽ 43 റൺസ് ചേർത്തെങ്കിലും കാര്യമായ റണ്ണൊഴുക്കുണ്ടായില്ല. സിമർജീത്ത് സിങ്ങാണ് ഇരുവരെയും മടക്കിയത്. സഞ്ജുവിനെയും സിമർജീത്ത് മടക്കിയതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. റിയാൻ പരാഗും ധ്രുവ് ജുറേലും (18 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 28) ചേർന്ന് അവസാന ഓവറുകളിൽ സ്കോറുയർത്താൻ ശ്രമം നടത്തിയെങ്കിലും ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ജുറേലിനെ അവസാന ഓവറിലെ ആദ്യ പന്തിൽ ഷാർദുൽ താക്കൂറിന്റെ കൈയിലെത്തിച്ച തുഷാർ ​ദേശ്പാണ്ഡെ, തുടർന്നെത്തിയ ശുഭം ദുബെയെ റൺസെടുക്കും മുമ്പ് ശിവം ദുബെയെ ഏൽപിച്ചതോടെ സ്കോർ 150 കടത്താനുള്ള രാജസ്ഥാൻ ബാറ്റർമാരുടെ മോഹവും അവസാനിച്ചു. 

ചെന്നൈ ബൗളർമാരിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സിമർജീത്ത് സിങ്ങും 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയും മികച്ചുനിന്നു. 

Tags:    
News Summary - Chennai bowlers hold on Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.