ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അനായാസ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ തലപ്പത്ത് തിരിച്ചെത്തി. ഒമ്പത് പന്തുകൾ ശേഷിക്കേ ഏഴു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ഡേവിഡ് വാർണറിന്‍റെയും (55 പന്തിൽ 57) മനീഷ് പാണ്ഡേയുടെയും (46 പന്തിൽ 61) അർധശതകങ്ങളുടെ മികവിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഓപണർമാരായ റുതുരാജ് ഗെയ്ക്വാദിന്റെയും (44 പന്തിൽ 75) ഫാഫ് ഡുപ്ലെസിസിന്‍റെയും (38 പന്തിൽ 56) മികവിൽ അനായാസം ലക്ഷ്യത്തിലെത്തി. ചെന്നൈയുടെ തുടർച്ചയായ അഞ്ചാം ജയമാണിത്. ആറ് മത്സരങ്ങളിൽ നിന്ന് ചെന്നൈക്ക് 10 പോയിന്‍റായി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും 10 പോയിന്‍റുണ്ടെങ്കിലും റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ ഒന്നാമതെത്തിയത്.
ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് ഭേദമായ ഓൾറൗണ്ടർ മുഈൻ അലിയും ലുൻഗി എൻഗിഡിയും ചെന്നൈ നിരയിൽ ഇറങ്ങി. ഇംറാൻ താഹിറിനും ഡ്വൈൻ ബ്രാവോക്കുമാണ് സ്ഥാനം നഷ്ടമായത്. മനീഷ് പാണ്ഡേയും സന്ദീപ് ശർമയും സൺറൈസേഴ്സ് ഇലവനിൽ മടങ്ങിയെത്തി.
നാലാം ഓവറിൽ 25 റൺസിലെത്തി നിൽക്കേ അപകടകാരിയായ ഓപണർ ജോണി ബെയർസ്റ്റോയെ മടക്കി സാം കറൻ ചെന്നൈക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. പതിവിൽ നിന്ന് വിപരീതമായി നങ്കൂരമിട്ടായിരുന്നു വാർണറിന്‍റെ ബാറ്റിങ്. 12 ഓവർ പിന്നിടുേമ്പാൾ ഒന്നിന് 82 റൺസെന്ന നിലയിലായിരുന്നു ഹൈദരാബാദ്.
വൺഡൗണായിറങ്ങിയ മനീഷ് പാണ്ഡേ 35 പന്തിൽ അർധശതകം തികച്ചു. സിക്സടിച്ച് അർധസെഞ്ച്വറി നേടിയ വാർണർ ട്വന്‍റി20യിൽ 10,000 റൺസ് തികച്ചു. ട്വന്‍റി20യിൽ 10000 ക്ലബിലെത്തുന്ന നാലാമത്തെ കളിക്കാരനാണ് വാർണർ. വിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ലും (13,839) കീറൺ പൊള്ളാഡും (10,694) പാകിസ്താന്റെ ശുഐബ് മാലികുമാണ് (10,488) 10k ക്ലബിലെത്തിയ മറ്റ് താരങ്ങൾ.
ഐ.പി.എല്ലിലെ വാർണറുടെ 200ാം സിക്സും മത്സരത്തിൽ പിറന്നു. സ്കോർ 128ലെത്തി നിൽക്കേ വാർണറെ പുറത്താക്കി എൻഗിഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ 106 റൺസാണ് ഇരുവരും ചേർത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സുമാണ് വാർണർ പായിച്ചത്.
തൊട്ടുപിന്നാലെ 17.5 ഓവറിൽ സ്കോർ 134ൽ എത്തിനിൽക്കേ പാണ്ഡേയും മടങ്ങി. ശർദുൽ ഠാക്കൂർ എറിഞ്ഞ 19ാം ഓവറിൽ ഒരു സിക്സും മൂന്ന് ബൗണ്ടറിയുമടക്കം കെയ്ൻ വില്യംസൺ 20 റൺസ് വാരി. 20ാം ഓവറിൽ സാം കറൻ 13 റൺസ് വഴങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കെയ്ൻ വില്യംസണും (10 പന്തിൽ 26 േനാട്ടൗട്ട്) കേദാർ ജാദവുമാണ് (നാല് പന്തിൽ 12 േനാട്ടൗട്ട്) സ്കോർ 171ലെത്തിച്ചത്.
ഭേദപ്പെട്ട ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ഓപണർമാർ നിശ്ചയിച്ചുറപ്പിച്ചാണ് ഇറങ്ങിയത്. റുതുരാജും ഡുപ്ലെസിസും ചേർന്ന് 5.5 ഓവറിൽ സ്കോർ 50 കടത്തി. ഇരുവരും ഒരേ താളത്തിലാണ് ബാറ്റേന്തിയത്.
10.6 ഓവറിൽ സ്കോർബോർഡിൽ 100 റൺസ് ആയി. 32 പന്തിൽ ആറ് ബൗണ്ടറികളും ഒരു സിക്സുമടിച്ച് ഡുപ്ലെസി ഫിഫ്റ്റിയിലെത്തി. 36 പന്തിൽ നിന്നായിരുന്നു റുതുരാജിന്‍റെ അർധശതകം. താരം ഏഴു ബൗണ്ടറികൾ പായിച്ചു. 13ാം ഓവറിന്‍റെ അവസാന പന്തിൽ റുതുരാജിനെ വിക്കറ്റിന് മുന്നിൽ കുരുക്കി റാശിദ് ഖാനാണ് മത്സരത്തിലേക്ക് ഹൈദരാബാദിനെ തിരികെ കൊണ്ടുവന്നത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 129 റൺസാണ് ചേർത്തത്.
അനായാസം ജയത്തിലേക്ക് നീങ്ങവേ 15ാം ഓവറിലെ തൊട്ടടുത്ത പന്തുകളിൽ മുഈൻ അലിയെയും (15) ഡുപ്ലെസിസിൻെയും മടക്കി റാശിദ് ഖാൻ ഇരട്ട പ്രഹരമേൽപിച്ചു. എങ്കിലും രവീന്ദ്ര ജദേജയും (7 നോട്ടൗട്ട്) സുരേഷ് റെയ്നയും (17 നോട്ടൗട്ട്) അധികം പരിക്കുകളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.