അഞ്ച് ഐ.പി.എൽ കിരീടം, നിലവിലെ ചാമ്പ്യൻസ്, 131 വിജയങ്ങൾ... ഐ.പി.എല്ലിലെ ‘സൂപ്പർ’ നേട്ടങ്ങളുണ്ടാക്കിയ സംഘമാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീം അംഗങ്ങൾ മാറിമറി വന്നാലും ധോണിയും കൂട്ടരും ഐ.പി.എല്ലിലെ എക്കാലത്തെയും ഫേവറിറ്റുകളാണ്. ചെന്നൈ ടീമിന്‍റെ ഏറ്റവും വലിയ കരുത്ത് അവരുടെ ‘തല’ മഹേന്ദ്ര സിങ് ധോണി തന്നെയാണ്. വലിയ താരപ്രഭയില്ലാത്ത സീസണിൽപോലും ചെന്നൈ കാഴ്ചവെക്കുന്ന മാസ്മരിക പ്രകടനം മറ്റു ടീമുകൾക്ക് വലിയ പാഠമാണ്. താരങ്ങളുടെ ഒത്തിണക്കവും ടീം സ്പിരിറ്റുംകൊണ്ട് തോൽവിയിലേക്കു പോയ നിരവധി മത്സരങ്ങൾ വരുതിയിലാക്കിയ ടീമാണ് ചെന്നൈ. ഇപ്രാവശ്യവും മികച്ച ടീമുമായി ചാമ്പ്യൻപട്ടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് ചെന്നൈ മച്ചാന്മാർ.
ചെന്നൈ ടീമിന്‍റെ വിജയയാത്രയിൽ ധോണി ഫാക്ടർ വസ്തുതയാണ്. ധോണി ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. രവീന്ദ്ര ജദേജയെ ക്യാപ്റ്റനായി ഒരുവേള ചെന്നൈ പരീക്ഷിച്ചെങ്കിലും അത് അത്ര ഫലിച്ചിരുന്നില്ല. ധോണിക്കുശേഷം ഋതുരാജ് ഗെയ്‌ക്‌വാദിനെ ക്യാപ്റ്റനായി ഉയർത്തുകയാവും ചെന്നൈയുടെ ലക്ഷ്യം. ഗെയ്‌ക്‌വാദും ശിവം ദുബെയും രചിൻ രവീന്ദ്രയും ബാറ്റിങ്ങിൽ കരുത്താവും. മുഈൻ അലി, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ തുടങ്ങിയ സ്റ്റാർ ഓൾറൗണ്ടർമാരാണ് ടീമിന്‍റെ മറ്റൊരു ഹൈലൈറ്റ്. ബൗളിങ്ങിൽ ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ എന്നിവരുടെ കൈയിലാവും കടിഞ്ഞാൺ. പരിക്കേറ്റ ഡെവോൺ കോൺവേയുടെ അഭാവം ചെന്നൈക്ക് ചെറിയ തിരിച്ചടിയാവും. മാർച്ച് 22ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായാണ് ചെന്നൈയുടെ ആദ്യ മത്സരം.
എം.എസ്. ധോണി (ക്യാപ്റ്റൻ), മുഈൻ അലി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, ഋതുരാജ് ഗെയ്‌ക്‌വാദ്, രാജ്‍വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജദേജ, അജയ് മണ്ഡൽ, മുകേഷ് ചൗധരി, അജിൻക്യ രഹാനെ, ഷെയ്‌ക് റഷീദ്, മിച്ചൽ സാൻറ്നർ, സിമർജീത് സിങ്, പ്രിശാന്ത് സിങ്, മഹേഷ് തീക്ഷണ, രചിൻ രവീന്ദ്ര, ശാർദുൽ ഠാകുർ, ഡാരിൽ മിച്ചൽ, സമീർ റിസ്‍വി, മുസ്തഫിസുർ റഹ്മാൻ, അവനീഷ് റാവു ആരവേലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.