മുംബൈ: പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഓൾ റൗണ്ടർ രവീന്ദ്ര ജദേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലെ പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമമാവുന്നതായി സൂചനകൾ. മാനേജ്മന്റുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് ജദേജ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയതെന്നും അടുത്ത സീസണിൽ താരം ചെന്നൈ സംഘത്തിലുണ്ടാവില്ലെന്നും വാർത്തകൾ വന്നുകഴിഞ്ഞു.
ഇതിന് ബലമേകി ജദേജയുടെ ഇൻസ്റ്റഗ്രാം പേജ് ചെന്നൈ സൂപ്പർ കിങ്സ് അൺഫോളോ ചെയ്തു. ഐ.പി.എൽ 2022 സീസണിൽ ഉയർന്ന തുകയായ 16 കോടിക്ക് ജദേജയെ നിലനിർത്തിയ സി.എസ്.കെ, നായകനായും നിയോഗിച്ചിരുന്നു. എന്നാൽ, എട്ടിൽ ആറ് മത്സരങ്ങളും തോൽക്കുകയും വ്യക്തിഗത പ്രകടനത്തിലും നിറം മങ്ങുകയും ചെയ്ത അദ്ദേഹം സ്ഥാനമൊഴിഞ്ഞ് ക്യാപ്റ്റൻസി എം.എസ്. ധോനിയെ തിരികെയേൽപിച്ചു.
ജദേജയുടെ കാര്യത്തിൽ സംഭവിച്ചതൊന്നും യാദൃശ്ചികമല്ലെന്നാണ് ചില മുൻ താരങ്ങളടക്കം പറയുന്നത്. സുരേഷ് റെയ്നയുടെ അവസ്ഥ തന്നെയാണ് ജദേജക്കുമുണ്ടാവാൻ പോവുന്നതെന്നും അടുത്ത സീസണിൽ അദ്ദേഹം ചെന്നൈ ടീമിലുണ്ടാവാൻ സാധ്യതയില്ലെന്നും മുൻ ഇന്ത്യൻ ഓപണർ ആകാശ് ചോപ്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.